ആടുജീവിതത്തിന് VFX കാരണമാണ് അവാർഡ് കിട്ടാത്തതെന്ന് 'കേരള സ്റ്റോറി' സംവിധായകൻ, ചുട്ട മറുപടി നൽകി ഇൻഫ്ലുവൻസർ

സുദീപ്തോയുടെ ഈ പ്രസ്താവനയ്ക്ക് ഇൻഫ്ലുവെൻസർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരങ്ങൾ 'ദി കേരള സ്റ്റോറി' നേടിയതിനെ വിമർശിച്ച് ഇൻഫ്ലുവെൻസറായ കാൾ ലഫ്രനെയ്സ് പോസ്റ്റ് ചെയ്ത റീലിന് കമന്റ് ബോക്സിൽ മറുപടിയുമായി സംവിധായകൻ സുദീപ്തോ സെൻ. ആടുജീവിതത്തിന് പുരസ്കാരം ലഭിക്കാത്തതിന് കാരണം പലതും VFX കൊണ്ട് സൃഷ്ടിച്ചതായതിനാലാണെന്നും ചിത്രത്തെക്കുറിച്ച് ജൂറികൾ സംസാരിക്കുന്നത് ശ്രദ്ധിക്കുവെന്നും സുദീപ്തോ പറഞ്ഞു. ഇപ്പോഴിതാ ഈ കമന്റിന് മറുപടിയായി കാൾ ലഫ്രനെയ്സ് തന്നെ രംഗത്തെത്തി. ലൈഫ് ഓഫ് പൈ, ബ്ലേഡ് റണ്ണർ 2049, ഡൂൺ, ഗ്രാവിറ്റി എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ ലഭിച്ചത് ഈ VFX ഉണ്ടായിട്ട് അല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുദീപ്തോയുടെ ഈ പ്രസ്താവനയ്ക്ക് ഇൻഫ്ലുവെൻസർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'ഛായാഗ്രഹണത്തിനുള്ള പുരസ്കാരം എന്തിനാണ് നൽകുന്നതെന്ന് നിങ്ങൾക്കറിയാമോ? ആടുജീവിതം എനിക്കും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ചിത്രത്തിലെ ദൃശ്യങ്ങൾ VFX ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ജൂറികൾ സംസാരിക്കുന്നത് ശ്രദ്ധിക്കൂ. ഇൻസ്റ്റാഗ്രാമിൽ എന്തും എഴുതാനുള്ള സൗകര്യം ഉണ്ടെന്നു കരുതി, എന്തും എഴുതി പിടിപ്പിക്കാമെന്ന് കരുതരുത്. അല്പജ്ഞാനം ആപത്ത് എന്നൊരു ചൊല്ലുണ്ട്. നിങ്ങൾ കേരളത്തിൽ നിന്നല്ലേ? അപ്പൊ കുറച്ച് യുക്തിപൂർവ്വമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു', സുദിപ്തോ സെൻ കുറിച്ചു.

'അങ്ങനെയെങ്കിൽ ലൈഫ് ഓഫ് പൈ, ബ്ലേഡ് റണ്ണർ 2049, ഡൂൺ, ഗ്രാവിറ്റി എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ ലഭിച്ചില്ലേ?, VFX എന്ന ഘടകം ഒരു സിനിമയെ പുരസ്‌കാരത്തിനുള്ള അർഹതയ്ക്ക് അയോഗ്യമാക്കുമെങ്കിൽ, സിനിമാ ലോകത്തെ പകുതി കാര്യങ്ങൾ സംസാര വിഷയം പോലുമാകില്ലായിരുന്നു. പിന്നെ ഇൻസ്റ്റാഗ്രാമിൽ എഴുതുന്നതിനെക്കുറിച്ച് നിങ്ങൾ ക്ലാസ്സെടുത്തത് കൊണ്ട് പറയട്ടെ, എന്തും എഴുതാനുള്ള അവകാശം, 'ആവിഷ്ക്കാരസ്വാതന്ത്ര്യമാണ്'. ഭരണഘടനയെക്കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉള്ളത് നല്ലതാണ്. പിന്നെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് പറയുവാണ് നിങ്ങളുടെ ചിത്രത്തെ ആടുജീവിതവുമായി താരതമ്യം ചെയ്യരുത്', കാൾ ലഫ്രനെയ്സ് കുറിച്ചു.

സുനിൽ കെ എസ് കൈകാര്യം ചെയ്ത ആടുജീവിതത്തിന്റെ ഛായാഗ്രഹണത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശംസകൾ ലഭിച്ചിരുന്നുവെങ്കിലും, ദേശീയ പുരസ്‌കാരം ദി കേരള സ്റ്റോറിക്കായി പ്രശാന്തനു മോഹപത്ര നേടിയെടുത്തിരുന്നു. പുരസ്‌കാരം ലഭിക്കാത്തതിനെ ചൊല്ലി ഒരുപാട് വിമർശനങ്ങൾ ജൂറി ഏറ്റുവാങ്ങിയിരുന്നു. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.

ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Content Highlights: Influencer responds to director sudipto sen regarding national awards for aadujeevitham

To advertise here,contact us