ബാഹുബലി ദി എപിക് എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി അണിയറപ്രവർത്തകർ പുറത്തുവിട്ട ബ്ലൂപ്പർ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സംവിധായകൻ രാജമൗലി മറ്റ് അഭിനേതാക്കൾക്ക് അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ബാഹുബലിയും ദേവസേനയും ഷൂട്ടിംഗ് സമയത്ത് ചെയ്ത ചില തമാശ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. രാജാവിനും രാജ്ഞിക്കും ബ്ലൂപ്പർ പാടില്ലെന്ന് ആര് പറഞ്ഞുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയത്.
Cuz who said Kings and Queens can't have some bloopers! 😁#BaahubaliTheEpic #BaahubaliTheEpicOn31stOct pic.twitter.com/9wmTslDhlL
ബാഹുബലി ദി എപിക് ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. സംവിധായകൻ രാജമൗലി ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ആണ്. പ്രഭാസിനും റാണ ദഗുബാട്ടിക്കും നാസറിനും അവരുടെ സീനുകൾ എങ്ങനെയാവണമെന്ന് രാജമൗലി അഭിനയിച്ച് കാണിക്കുന്ന വീഡിയോഇതിന് മുൻപ് ആരാധകർ ഏറ്റെടുത്തിരുന്നു.
അതേസമയം, മൂന്ന് മണിക്കൂറും 40 മിനിറ്റുമാണ് ബാഹുബലി ദി എപിക് എന്ന സിനിമയുടെ റൺ ടൈം എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.
Content Highlights: Bahubali team shares blooper video of anushka shetty and prabhas during shooting