ക്ഷീണം തീർക്കാൻ സൂര്യയ്ക്ക് വിജയം അത്യാവശ്യം! കറുപ്പിൻ്റെ അപ്ഡേറ്റ് പങ്കുവെച്ച് സംവിധായകൻ

കങ്കുവ, റെട്രോ തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായിരുന്നില്ല. അതിനാൽ തന്നെ കറുപ്പിലൂടെ സൂര്യയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ

എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. സൂര്യയാണ് സിനിമയിൽ നായകനായി എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ സിനിമയുടെ കമ്പ്യൂട്ടർ വർക്കുകൾ തീരാൻ താമസം എടുക്കുന്നതിനാൽ റീലീസ് മാറ്റിയിരുന്നുവെന്നും ആര്‍ജെ ബാലാജി പറഞ്ഞു. സിനിമയുടെ നിർമാതാക്കൾക്ക് ചിത്രം വളരെ ഇഷ്‍ടമായെന്നും ദീപാവലിയ്ക്ക് സിനിമയിലെ ആദ്യ ഗാനം റീലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. കറുപ്പ് സൂര്യയുടെ വമ്പൻ ഹിറ്റായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്തിടെ റീലീസ് ചെയ്ത നടന്റെ കങ്കുവ, റെട്രോ തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായിരുന്നില്ല. അതിനാൽ തന്നെ കറുപ്പിലൂടെ സൂര്യയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Content Highlights:  Director RK Balaji shares update on Suriya's upcoming film Karuppu

To advertise here,contact us