ലാലേട്ടന്റെ ബെസ്റ്റ് ടൈം, അടുത്ത ഹിറ്റടിക്കാൻ വൃഷഭ എത്തുന്നു, റിലീസ് തിയതി പുറത്ത്

മോഹൻലാൽ ചിത്രം വൃഷഭയുടെ റിലീസ് തിയതി പുറത്ത്

ലാലേട്ടന്റെ ബെസ്റ്റ് ടൈം, അടുത്ത ഹിറ്റടിക്കാൻ വൃഷഭ എത്തുന്നു, റിലീസ് തിയതി പുറത്ത്
dot image

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തിയതി പുറത്ത്. നവംബർ 6 ന് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തും. പുത്തൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. The ground shakes. The sky burns. Destiny has chosen its warrior. എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷനായ കപൂർ, സാറാ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പിതാവിൻ്റെയും മകൻ്റെയും ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി 'വൃഷഭ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.

Content Highlights:  Mohanlal's film vrusshabha release date announced

dot image
To advertise here,contact us
dot image