
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ആയിരുന്നു ഫോട്ടോ എടുക്കാൻ വന്ന ഒരു കുഞ്ഞിനെ നവ്യാ നായർ ഫോട്ടോ എടുപ്പിക്കാതെ പറഞ്ഞ് അയച്ചത്. ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ വ്യാപക വിമർശനമാണ് നവ്യയ്ക്ക് നേരെ ഉയർന്നത്. ഇപ്പോഴിതാ വിഡോയ്ക്ക് പിന്നിലെ സത്യം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യയും പ്രചരിക്കുന്ന വീഡിയോയിലെ കുട്ടിയും അമ്മയും. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഇവർക്കൊക്കെ എതിരേ ഒന്നും പറയണം എന്ന് കരുതിയതല്ല.. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം… ഓൺലൈൻ ആൾക്കാർ സോറി പറഞ്ഞു .. ആ വീഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു, പക്ഷെ റിയാക്ഷൻ വീഡിയോസ് ഇപ്പോഴും നടക്കുകയാണ്..', എന്ന ക്യാപ്ഷനോടെയാണ് നവ്യാ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തെറ്റായ ഉള്ളടക്കം പങ്കുവെച്ച യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്തിട്ടും റിയാക്ഷൻ വിഡിയോകൾ പ്രചരിക്കുന്നതു കൊണ്ടാണ് ഔദ്യോഗിക വിശദീകരണം നൽകുന്നതെന്നും നവ്യ കുറിച്ചു.
'നവ്യേ.. എന്താണിത്ര ജാഡ കാണിച്ചേ എന്നു ചോദിച്ചാൽ എനിക്കു തീർച്ചയായിട്ടും മനസ്സിലാകും. കാരണം യാഥാർത്ഥ്യമെന്താണെന്ന് നിങ്ങൾ ഓഡിയൻസും അറിയുന്നില്ല. പക്ഷേ, ഇവർ ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ പറയുമ്പോൾ വളരെ വേദന തോന്നും. എപ്പോഴും എല്ലാത്തിനും രണ്ടു വശം കാണും.
ആ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തവരെ എനിക്ക് അറിയില്ല. അവരെ നന്നാക്കാനും എനിക്ക് കഴിയില്ല. എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടുകൊണ്ട് നിൽക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഈ ദുഷിപ്പിനെ എനിക്കു നേരെയാക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വ്യൂസ് മാത്രം മതി. 19 ലക്ഷം ആളുകൾ കണ്ടു. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. കള്ളത്തരം ചെയ്തിട്ടല്ല നമ്മൾ പേരും പ്രശസ്തിയും നേടേണ്ടത്. നേരായ വഴിയിലൂടെ നല്ല മാർഗത്തിൽ നിങ്ങൾക്കുറപ്പായിട്ടും ഇതിലേയ്ക്കൊക്കെ എത്തിച്ചേരാൻ പറ്റും. അതിന് ഇത്രയും കുതന്ത്രങ്ങൾ ഉപയോഗിച്ച് ആളുകളെ വിഷമിപ്പിക്കുന്നത് നല്ലതല്ല എന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്.
എനിക്ക് എത്ര ക്ഷീണം ആണെങ്കിലും കഴിവതും ഞാൻ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കാനാണ് ശ്രമിക്കാറുള്ളത്. അറിയാതെ ചിലപ്പോൾ സംഭവിച്ചു പോയേക്കാം. തെറ്റുകൾ എനിക്കും പറ്റും. ആ തെറ്റ് നിങ്ങൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താനും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ, ഇവരെ പോലെയുള്ള ആളുകളുടെ പോസ്റ്റുകൾ വായിക്കുന്നതിന് മുൻപേ യാഥാർഥ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നൊരു അഭിപ്രായം മാത്രമെ എനിക്കുള്ളൂ,' നവ്യാ നായർ പറഞ്ഞു.
Content Highlights: Navya Nair responds to viral video