'ലോക എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ട്?'; രൂപേഷ് പീതാംബരന്‍

ലോകയുടെ ക്രെഡിറ്റ് തർക്കം സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

ലോകയുടെ ക്രെഡിറ്റ് തർക്കം സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകൻ രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. പ്രമുഖ നടി പറയുന്നു അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സിനിമ വിജയിച്ചതെന്നും ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റേത് ആണെന്നും പ്രമുഖ നിർമ്മാതാവ് പറയുന്നുവെന്ന് പറഞ്ഞു. ഈ സിനിമ എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ടാണെന്നാണ് രൂപേഷ് ചോദിച്ചിരിക്കുന്നത്.

'പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റേത് ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ? ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്!', രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, നേരത്തെ ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് സിനിമയുടെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമാണെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. റിമ കല്ലിങ്കലിനുള്ള പരോക്ഷ മറുപടിയായിരുന്നു അത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ടീമിനുള്ളതാണ്. പക്ഷെ അതിന് വേണ്ടിയുള്ള ഒരു സ്റ്റേജ് ഒരുക്കിയത് നമ്മളെല്ലാം ചേര്‍ന്നാണെന്നാണ് റിമ പറഞ്ഞത്. എന്നാല്‍ ചിലര്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ലോകയ്ക്കായി സ്‌പേസ് ഒരുക്കിയത് ഞങ്ങളാണെന്ന് റിമ പറഞ്ഞതായി വ്യാഖ്യാനിക്കുകയായിരുന്നു. വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കി റിമ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കേരളത്തിൽ നിന്നും 38 ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി ലോക. 118 കോടിയാണ് ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. മോഹൻലാൽ ചിത്രം തുടരും, മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ എല്ലാ റെക്കോർഡുകളും തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlights: Roopesh Peethambaran shares a post on lokah credit issue

To advertise here,contact us