'ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി'; അടൂരിനെതിരെ ബൈജു സന്തോഷ്

ഈ രണ്ട് സന്ദർഭങ്ങളും ചേർത്തുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് നടൻ ബൈജു സന്തോഷ് കമന്റുമായി എത്തിയത്.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കമന്റുമായി നടൻ ബൈജു സന്തോഷ്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ അടൂർ നടത്തിയ പ്രസംഗവും അതിന് മോഹൻലാൽ നൽകിയ മറുപടിയും മുൻപ് അടൂർ മോഹൻലാലിനെക്കുറിച്ച് നടത്തിയ ഒരു പരാമർശവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയ്ക്ക് താഴെയാണ് ബൈജുവിന്റെ കമന്റ്.

ഈ രണ്ട് സന്ദർഭങ്ങളും ചേർത്തുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് നടൻ ബൈജു സന്തോഷ് കമന്റുമായി എത്തിയത്. 'ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി' എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്. 'ബൈജു അണ്ണൻ കൊല മാസ്സ്', 'അടൂരിന് ഈ മറുപടി തന്നെയാണ് വേണ്ടത്' എന്നിങ്ങനെ നിരവധി കമന്റുകളാണ് ബൈജുവിന്റെ കമന്റിന് വന്നുകൊണ്ടിരിക്കുന്നത്.

'രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്', എന്നായിരുന്നു അടൂരിന്റെ വാക്കുകൾ. മുൻപും മോഹൻലാലിന് എതിരെ സംസാരിച്ചിട്ടുള്ള അടൂർ ഇത്തവണയും അതാവർത്തിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്. അടൂരിന്റെ പ്രസംഗത്തിന് പിന്നാലെ നടൻ മോഹൻലാൽ നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിച്ചു.

'എന്നെക്കുറിച്ച് ആദ്യമായി അല്ല..എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു', എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മോഹൻലാലിന്റെ വാക്കുകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് ഉയരുന്നത്. അടൂരിന് കൃത്യമായ മറുപടി മോഹൻലാൽ നൽകിയെന്നും സംവിധായകൻ അത് അർഹിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Content Highlights: Baiju Santhosh comments against adoor gopalakrishnan

To advertise here,contact us