
മലയാളി സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ 'തുടക്കം' എന്ന ചിത്രം. ഇപ്പോഴിതാ വിസ്മയ തയ്ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'തുടക്ക’ത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഏറെ നാളുകളായി മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്മയ പരിശീലനം ചെയ്യുന്നുണ്ട്.
'പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തയ്ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയൺഹാർട്ട് മുവായ്തായ്ക്ക് വലിയ നന്ദി', വിസ്മയ കുറിച്ചു. തയ്ലൻഡിലെ ഫിറ്റ്കോ എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. കൂടാതെ ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ആയോധന കല പരിശീലിക്കുന്നതും യോഗ, മാസ്റ്ററിനൊപ്പം വിനോദ സഞ്ചാരം നടത്തുന്ന ചിത്രങ്ങളും അതിനൊപ്പം വിസ്മയ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില് ഡിസെെനും ആ സൂചനകളാണ് നല്കുന്നത്.
Content Highlights: Vismaya Mohanlal shares a post of practicing martial arts in Thailand