മലയാളത്തിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമാണ് ട്വന്റി 20. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളും അണിനിരന്ന സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിലും കാഴ്ചവെച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റർ രഞ്ജൻ എബ്രഹാം. ചിത്രത്തിലെ എഡിറ്റിംഗിന് തനിക്ക് അവാർഡ് ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല എന്ന് മനസുതുറക്കുകയാണ് രഞ്ജൻ എബ്രഹാം.
'ആ സിനിമയുടെ വർക്ക് വലിയൊരു ടാസ്ക് ആയിരുന്നു. പടം കണ്ട്കഴിഞ്ഞ് ജോഷി സാർ ഗംഭീര വർക്ക് ആണ് തനിക്ക് എന്തെങ്കിലും ഒക്കെ അവാർഡ് കിട്ടുമെന്ന് പറഞ്ഞു. പക്ഷെ ആ സിനിമയുടെ എഡിറ്റിംഗിന് എനിക്ക് ഒരു അവാർഡും കിട്ടിയില്ല. എല്ലാ അഭിനേതാക്കളെയും ബാലൻസ് ചെയ്യുക ഒരാളുടെ ഡയലോഗും കൂടാനോ കുറയാനോ പാടില്ല എന്ന ടാസ്ക് ഉണ്ടായിരുന്നു. പക്ഷെ ആ സിനിമയെ എല്ലാവരും വിചാരിച്ച രീതിയിൽ എത്തിക്കാൻ പറ്റി', രഞ്ജൻ എബ്രഹാമിന്റെ വാക്കുകൾ.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആയിരുന്നു ട്വന്റി 20 നിർമിച്ചത്. ജോഷി ഒരുക്കിയ സിനിമയ്ക്കായി തിരക്കഥ രചിച്ചത് ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു. പി സുകുമാർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ബേണി-ഇഗ്നേഷ്യസും സുരേഷ് പീറ്റേഴ്സും ചേർന്നാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സി രാജാമണി പശ്ചാത്തല സംഗീതം നൽകി. അമ്മയിലെ എല്ലാ അഭിനേതാക്കളും അവരുടെ ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിഫലം വാങ്ങാതെയായിരുന്നു ഈ സിനിമയിൽ പ്രവർത്തിച്ചത്. ആദ്യ ദിനം കേരളത്തിൽ നിന്ന് ഒരു കോടിക്ക് മേലെ നേടി ചിത്രം അന്ന് റെക്കോർഡിട്ടിരുന്നു.
മമ്മൂട്ടിയും മോഹന്ലാലും പതിവു പോലെ തന്നെ തകര്ത്തുവാരിയ ചിത്രം കൂടിയായിരുന്നു ട്വന്റി 20. ദേവരാജ പ്രതാപ വര്മ്മയായി മോഹന്ലാലും അഡ്വക്കേറ്റ് രമേഷ് നമ്പ്യാരായി മമ്മൂട്ടിയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില് കാഴ്ചവെച്ചത്. ഇരുവരുടെയും പഞ്ച് ഡയലോഗുകളും ആക്ഷന് രംഗങ്ങളുമെല്ലാം തന്നെ ട്വന്റി 20യില് മുഖ്യ ആകര്ഷണമായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇരുവരും നേര്ക്കുനേര് വന്ന സിനിമ കൂടിയായിരുന്നു ഇത്.
Content Highlights: Ranjan Abraham about Twenty 20 movie