ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് ബൈസൺ കാലമാടൻ. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നടൻ ധ്രുവ് വിക്രം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. തന്റെ ആദ്യത്തെ രണ്ട് സിനിമകൾ കണ്ടിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ഈ സിനിമ പ്രേക്ഷകർ തീർച്ചയായി കാണണമെന്നും ധ്രുവ് വിക്രം പറഞ്ഞു.
'എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ ഈ സിനിമ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്', ധ്രുവ് വിക്രമിന്റെ വാക്കുകൾ.
ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോൾ റിലീസിനും ഒരു മാസം മുൻപ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
#DhruvVikram in Today's #Bison Event ⭐:"My Name is Dhruv.. I have acted in 2 films.. If you haven't watched those films, that won't be a problem..😄 This is My First Film.. Please do Watch this one.. I have put 100% efforts for this film..🤝"pic.twitter.com/KTgh6nZnJz
തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ബൈസണിന്റെ പ്രമേയം സാങ്കല്പിക കഥയായിരിക്കും എന്നാണ് മാരി സെല്വരാജ് വ്യക്തമാക്കിയത്. ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയാണ് മാരി സെൽവരാജ് ചിത്രങ്ങൾ. ആദ്യ ചിത്രം പരിയേറും പെരുമാൾ മുതൽ അവസാനം പുറത്തിറങ്ങിയ വാഴൈ വരെ തമിഴ്നാടിന്റെ ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന സിനിമകളായിരുന്നു മാരി സെല്വരാജ് ഒരുക്കിയത്.അദ്ദേഹം സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മാമന്നൻ, വാഴൈ തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
Content Highlights: Dhruv vikram talks about Bison movie