നിരവധി മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് റിമ കല്ലിങ്കൽ. സംസ്ഥാന പുരസ്കാരം ലഭിച്ച ഒരു നടിയായിരുന്നിട്ടു കൂടി ഇൻഡസ്ട്രിയ്ക്കുള്ളവർ തന്നെ മറന്നു എന്ന് പറയുകയാണ് റിമ. തനിക്ക് നല്ല രീതിയിൽ ട്രോളുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ടാർഗറ്റഡ് ആയി, പെയ്ഡ് ആയിട്ടാണ് തോന്നിയിട്ടുള്ളതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസിനോട് സംസാരിക്കുകയായിരുന്നു താരം.
'ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചത്. ആളുകൾ എന്നെ മറന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹം എനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും എനിക്ക് ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല', റിമ കല്ലിങ്കൽ പറഞ്ഞു. ആക്ടിവിസം എന്ന പേര് വന്നതോടു കൂടി ആളുകൾ മറന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റിമയുടെ മറുപടി.
സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ ആണ് ഇനി പുറത്തുവരാനുള്ള റിമ കല്ലിങ്കൽ ചിത്രം. ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു ഒരുക്കുന്ന സിനിമയാണിത്.
Content Highlights: Rima Kallingal about her trolls