മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ മാസ് ആക്ഷൻ ചിത്രമാണ് രാവണപ്രഭു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. ചിത്രം ഒക്ടോബർ 10 ന് റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ചിത്രത്തിന്റെ എഡിറ്റർ രഞ്ജൻ എബ്രഹാം. കൊമേർഷ്യൽ വാല്യൂ ഉള്ള മോഹൻലാൽ സിനിമ എന്നതായിരുന്നു രാവണപ്രഭുവിന്റെ ഏറ്റവും വലിയ ചലഞ്ച് എന്ന് രഞ്ജൻ എബ്രഹാം റിപ്പോർട്ടറിനോട് മനസുതുറന്നു.
'ഉടനെ റീ റിലീസ് ചെയ്യുന്നതിനാൽ ഞാൻ കഴിഞ്ഞ ദിവസം രാവണപ്രഭു വീണ്ടും കണ്ടിരുന്നു. ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ രഞ്ജിത്തും ഞാനുമായി മുൻകാല സൗഹൃദങ്ങൾ ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം എന്നെ എഡിറ്റർ ആയി വെച്ചു എന്നത് ശരിക്കും ഞെട്ടലുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു. അത്രയും വലിയ കൊമേർഷ്യൽ വാല്യൂ ഉള്ള സിനിമ അതും നരസിംഹം ഒക്കെ കഴിഞ്ഞ് മോഹൻലാൽ സ്ട്രോങ്ങ് ആയി നിൽക്കുന്ന സമയം. അത് തന്നെ ആയിരുന്നു ഏറ്റവും വലിയ ചലഞ്ച്', രഞ്ജൻ അബ്രഹാമിന്റെ വാക്കുകൾ.
നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിലാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.വമ്പൻ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഛോട്ടാ മുംബൈ പോലെ രാവണപ്രഭുവിനും റീ റിലീസിൽ തരംഗമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്.
വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.
Content Highlights: Ranjan Abraham about ravanaprabhu