സംസ്ഥാന ചലച്ചിത്ര അവാർഡ്; പ്രകാശ് രാജ് ജൂറി ചെയർമാൻ, നാളെ സ്ക്രീനിംഗ് ആരംഭിക്കും

128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്. നാളെ രാവിലെ സ്ക്രീനിംഗ് ആരംഭിക്കും

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്. കവിയും ഗാനരചയിതാവുമായി വിജയരാജമല്ലിക പ്രാഥമിക ജൂറികളിലൊന്നില്‍ അംഗമാണ്. ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയജൂറി അംഗമാകുന്നത്.

നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി. നാടക ലോകത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴ് തമിഴ്‌നാട് സംസ്ഥാന അവാർഡുകൾ നേടിയ അദ്ദേഹം 31 വർഷമായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ്.

Content Highlights: Prakash Raj appointed as jury chairman for kerala state film awards 2024

To advertise here,contact us