
നടക്കാൻ പരസഹായവും സംസാരത്തിൽ വ്യക്തതയുമില്ലാതെ മിമിക്രി കലാകാരൻ ഉല്ലാസ് പന്തളം. അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഊന്നുവടിയുടെ സഹായത്തോടെയാണ് നടൻ വേദിയിലെത്തിയത്. മുഖത്തെ ഒരുഭാഗം കോടിയത് പോലെയും കാണാം. സ്ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ബലക്ഷയമുണ്ടായതിനാൽ നടക്കാൻ സഹായം വേണം.
'എനിക്ക് സ്ട്രോക്ക് വന്ന കാര്യം ആർക്കും അറിയില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുള്ളൂ, ഇതിന്റെ വീഡിയോ പുറത്തുപോകുമ്പോഴെ എല്ലാവരും അറിയൂ', വേദിയിൽ എത്തിയ ഉല്ലാസ് പറഞ്ഞു. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയും വേദിയിൽ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പോകാനിറങ്ങിയതും ഉല്ലാസിന്റെ കണ്ണുകൾ നിറഞ്ഞു. ഈ സമയം 'ചിരിച്ചുകൊണ്ട് പോകൂ, എല്ലാ ശരിയാകും', എന്ന് ലക്ഷ്മി പറഞ്ഞു.
മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. തിരുവല്ലയിൽ നടന്ന ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിഡീയോയിലൂടെയാണ് പ്രേക്ഷകർ ഈ വിവരം അറിയുന്നത്. കലാകാരന് നല്ല ആരോഗ്യം നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ലളിതമായ ചടങ്ങിൽ ഉല്ലാസ് വിവാഹം ചെയ്തത്.
Content Highlights: Actor Ullas pandalam health issue