സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ റിഷബ് ഷെട്ടിയുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിനായി നടൻ റിഷബ് ഷെട്ടി പ്രതിഫലം ഒന്നും കൈപ്പറ്റിയിട്ടില്ല. സിയാസാറ്റ് എന്ന വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രതിഫലത്തിന് പകരം ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് ഒരു പങ്ക് കൈപ്പറ്റുന്ന തരത്തിലാണ് റിഷബ് കരാർ നിശ്ചയിച്ചിരിക്കുന്നത്. ഇതേ രീതിയില് വേറെയും അണിയറ പ്രവര്ത്തകര് പ്രതിഫലം മുന്കൂര് വാങ്ങിയിട്ടില്ലെന്ന് വിവരമുണ്ട്. ഹോംബാലെ ഫിലിംസിനൊപ്പം റിഷബും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. 125 കോടിയോളമാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.
രണ്ടാം ദിവസവും കാന്താര തരംഗത്തിന് കോട്ടം തട്ടിയിട്ടില്ല. ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞു. വാരാന്ത്യത്തിൽ കളക്ഷനിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: Rishab Shetty fees for kantara chapter 1