രാജാ രവി വർമ തന്റെ പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ് ഫാല്‍ക്കെ തന്റെ ആദ്യ സിനിമ എടുക്കുന്നത്: പിണറായി വിജയൻ

'ഫാല്‍ക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാല്‍ക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയത്തിന്റെ അധിപനുമായി'

രാജാ രവി വർമ തന്റെ പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ് ഫാല്‍ക്കെ തന്റെ ആദ്യ സിനിമ എടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജാരവി വർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി എന്നും ഫാല്‍ക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി എന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് സർക്കാർ ഒരുക്കിയ 'മലയാളം വാനോളം, ലാല്‍സലാം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കിളിമാനൂരിൽ നിന്ന് പോയ രാജാ രവി വർമ തന്റെ പ്രെസ് വിറ്റുനൽകിയ പണം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹായിയായ ഫാല്‍ക്കെ തന്റെ ആദ്യ സിനിമ എടുക്കുന്നത്. രാജാരവി വർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി. ഫാല്‍ക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാല്‍ക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയത്തിന്റെ അധിപനുമായി. മോഹൻലാലിന്റെ അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ്', പിണറായി വിജയന്റെ വാക്കുകൾ.

സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

'അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', എന്നാണ് വേദിയിൽവെച്ച് മോഹൻലാൽ പറഞ്ഞത്.

കൂടാതെ, മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് പരാമർശിച്ച രാഷ്ട്രപതി, മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

Content Highlights: Pinarayi vijayan about raja ravi varma

To advertise here,contact us