സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. ദേവിയായി തേജസ്സോടെ ഇരിക്കുന്ന നയൻതാരയുടെ ചിത്രമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്. 100 കോടിക്ക് മുകളിലാണ് മൂക്കുത്തി അമ്മന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ അടുത്താണ് ചില തർക്കങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ വന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്താരയും തമ്മില് സെറ്റില് തര്ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇടപെട്ട സംവിധായകന് സുന്ദര് സി ഷൂട്ട് നിര്ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ സംവിധായകന്റെ ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്ത് വന്നിരുന്നു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്നായിരുന്നു ഖുശ്ബു പറഞ്ഞത്.
2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.
Content Highlights: Nayanthara Starrer Mookuthi Amman 2 first look poster out