ഇത്തവണ ഗംഭീര റോൾ തന്നെ, 'കാന്താര'യിൽ ഞെട്ടിച്ച് ജയറാം; കയ്യടിച്ച് പ്രേക്ഷകർ

ചിത്രത്തിന്റെ വിജയം നടൻ ജയറാം മകൻ കാളിദാസിനൊപ്പം പുതിയ സിനിമയുടെ സെറ്റിൽ വെച്ച് ആഘോഷിച്ചു

ഇത്തവണ ഗംഭീര റോൾ തന്നെ, 'കാന്താര'യിൽ ഞെട്ടിച്ച് ജയറാം; കയ്യടിച്ച് പ്രേക്ഷകർ
dot image

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയ്ക്കൊപ്പം നടൻ ജയറാമിന്റെ റോളിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.

ഒരിടവേളക്ക് ശേഷം അന്യഭാഷയിൽ ജയറാമിന് നല്ലൊരു റോൾ കിട്ടിയെന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് കമന്റുകൾ. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടാണ് ജയറാം എത്തുന്നത്. ചിത്രത്തിന്റെ വിജയം നടൻ ജയറാം മകൻ കാളിദാസിനൊപ്പം പുതിയ സിനിമയുടെ സെറ്റിൽ വെച്ച് ആഘോഷിച്ചു. നടൻ റിഷബ് ഷെട്ടിയും വീഡിയോ കോളിലൂടെ വിജയാഘോഷത്തിൽ പങ്കുചേർന്നു. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിലുള്ള നന്ദി അറിയിച്ച് പോസ്റ്റുമായി ജയറാം എത്തി. ഭക്തിയും കഠിനാധ്വാനമെല്ലാം ആഘോഷിക്കപ്പെടുന്ന നവരാത്രിക്കാലത്തു തന്നെ പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷവും താരം പങ്കുവച്ചു.

‘കാന്താര ചാപ്റ്റർ 1’ന് നിങ്ങൾ നൽകിയ സ്നേഹത്തിനും നിരൂപണങ്ങൾക്കും പ്രശംസകൾക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നല്ല വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വലുതാണ്. ഈ സിനിമ ഞങ്ങൾ ആഗ്രഹിച്ച പോലെ നിങ്ങളുമായി കണക്ട് ആകുമ്പോൾ സന്തോഷവും കൃതജ്ഞതയിലും എന്റെ മനസ്സു നിറയുന്നു. ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നത്, ഭക്തി, കഠിനാധ്വാനം, അനുഗ്രഹങ്ങൾ എന്നിവ ആഘോഷിക്കുന്ന ഒരു സുപ്രധാന അവസരമായ ആയുധപൂജയുടെ ദിവസം തന്നെ ഈ മനോഹരമായ വാർത്ത എന്നിലെത്തി എന്നതാണ്. ഇതിലും മികച്ചൊരു പ്രോത്സാഹനം എനിക്ക് ലഭിക്കാനിടയില്ല. റിഷഭ് ഷെട്ടി നന്ദി.. ഈ പ്രക്രിയയിൽ എന്നെ വിശ്വസിച്ചതിന്! ഞങ്ങളെ ഏറ്റവും മനോഹരമായി തിരശ്ശീലയിലെത്തിക്കാൻ പരിശ്രമിച്ച മുഴുവൻ ടീമിനും എന്റെ എല്ലാ സ്നേഹവും. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. ഈ സ്നേഹം എന്നെന്നും എന്നിലുണ്ടാകും', ജയറാമിന്റെ വാക്കുകൾ.

അവസാനത്തെ 30 മിനിറ്റ് കത്തിക്കയറിയെന്നും റിഷബ് അടുത്ത നാഷണൽ അവാർഡും സ്വന്തമാക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. സിനിമയുടെ ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയാണ് ഗംഭീരമെന്നാണ് അഭിപ്രായങ്ങൾ. ഇടവേളക്ക് മുൻപുള്ള 15 മിനിറ്റ് അടിപൊളിയാണെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് പ്രേക്ഷകാഭിപ്രായങ്ങൾ. ആദ്യ ഭാഗത്തിനെപ്പോലെ മികച്ച അഭിനയമാണ് റിഷബ് കാഴ്ചവെച്ചിരിക്കുന്നതെന്നും അടുത്ത വർഷത്തെ അവാർഡുകൾ മുഴുവൻ നടൻ കൊണ്ടുപോകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സിനിമയുടെ വിഷ്വലിനും മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്. നടി രുക്മിണി വസന്തിന്റെ റോളിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlights: Jayaram role in Kantara gets applause

dot image
To advertise here,contact us
dot image