കേരളത്തിൽ 'ലോക' കാണാൻ തിയേറ്ററിൽ എത്തിയത് ഇത്രയും പേരോ?; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക

മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി ലോകയെ തേടി എത്തിയിരിക്കുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ. നിലവിൽ ലോക കേരളത്തിൽ നിന്നും ഇതുവരെ നേടിയത് 114 കോടി രൂപയാണ്. കേരളത്തിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ ലോകയ്ക്ക് ഇനി വേണ്ടത് വെറും അഞ്ച് കോടി മാത്രമാണ്. തുടരും 119 കോടി സ്വന്തമാക്കിയിട്ടാണ് കേരളക്കര വിട്ടത്. കേരള മാർക്കറ്റിൽ നിന്നും ഒരു മലയാളം സിനിമ നേടിയ ഏറ്റവും ഉയർന്ന കളക്ഷനും ഇതോടെ തുടരുമിന്റെ പേരിലായി. ഈ റെക്കോർഡാണ് ഇപ്പോൾ ലോക തകർക്കാൻ ഒരുങ്ങുന്നത്. മികച്ച കളക്ഷനുമായി ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക വരും ദിവസങ്ങളിൽ ഈ മോഹൻലാൽ സിനിമയെ മറികടക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

ഇതോടൊപ്പം മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ നിന്നും 10 കോടി ഷെയറിന് മുകളിൽ നേടുന്ന ഒരു മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. അഞ്ചാം ആഴ്ചയിലും ഗംഭീര കളക്ഷൻ ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ തലവര മാറ്റിയ മഞ്ഞുമ്മൽ ബോയ്‌സ് 50 കോടിയാണ് നേടിയത്. ഒരു മലയാള സിനിമ തമിഴ്നാട്ടിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അതേസമയം, ഈ നേട്ടത്തെ ലോക മറികടക്കുമോ എന്നും പലരും ഉറ്റുനോക്കുന്നുണ്ട്.

The 4th movie to Surpass 1+ crore footfalls in the 21st century after Pulimurugan, ManjummelBoys and Thudarum 🔥 https://t.co/0il0Qa0FHq

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlights: Loka records highest footfalls at kerala

To advertise here,contact us