
ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥികളായ ലെസ്ബിയന് കപ്പിൾ ആദിലയെയും നൂറയെയും പിന്തുണച്ച് മുൻ മത്സരാർത്ഥി കൂടിയായ ജാസ്മിൻ എം മൂസ. ബിഗ് ബോസിൽ മത്സരാർത്ഥികളുടെ കുടുംബങ്ങൾ പങ്കെടുക്കുന്ന ഫാമിലി വീക്കിൽ ആദിലയുടെയും നൂറയുടെയും കുടുംബാംഗങ്ങൾ എത്തിയിരുന്നില്ല. ആദിലയ്ക്കും നൂറയ്ക്കുമായി മുന് മത്സരാര്ത്ഥികളായ ദിയ സനയും ജാസ്മിനുമായിരുന്നു എത്തിയത്. ഇപ്പോള് ഷോയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് ജാസ്മിന്. താൻ ആരുടെയും സ്ഥാനം ഏറ്റെടുക്കാൻ വന്നതല്ലെന്നും ഈ യാത്രയിൽ അവര് ഒറ്റക്കല്ലെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും ജാസ്മിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഈ വാരാന്ത്യത്തിൽ നിങ്ങളുടെ കുടുംബം ഇവിടെ ഉണ്ടാകാൻ നിങ്ങൾ രണ്ടുപേരും എത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്നുവെന്ന് എനിക്കറിയാം. അവർ വരാതിരുന്നപ്പോൾ നിങ്ങൾക്ക് എത്രമാത്ര നിരാശ തോന്നിയെന്നത് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആ നിമിഷം നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്ക് കടന്നുപോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ആരുടെയും സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി വന്നതല്ല ഞാൻ. നിങ്ങൾ രണ്ടുപേരുടെയും കൂടെയുണ്ടാകാൻ വേണ്ടി മാത്രമാണ് ഞാൻ അവിടെ വന്നത്. ഇതിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ കൂടി വേണ്ടിയാണത്', ജാസ്മിന്റെ വാക്കുകൾ.
ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപത് ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഫാമിലി വീക്കാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനകം പല മത്സരാർത്ഥികളുടേയും വീട്ടുകാർ ബിഗ് ബോസ് ഹൗസിൽ എത്തി കഴിഞ്ഞു. നേരത്തെ ആദിലക്കും നൂറക്കും പിന്തുണയുമായി നടൻ മോഹൻലാൽ എത്തിയത് വലിയ വാർത്തയായിരുന്നു. ആദിലയെയും നൂറയെയും മോശമായി മറ്റൊരു മത്സരാർത്ഥി പരാമര്ശിച്ചതിനെ മോഹന്ലാല് കടുത്ത ഭാഷയില് വിമര്ശിക്കുകയായിരുന്നു. നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. പിന്നീട് മോഹന്ലാല് ഈ വിഷയം ചര്ച്ചയാക്കുകയും 'എന്റെ വീട്ടില് കയറ്റുമല്ലോ അവരെ' എന്ന് പറയുകയുമായിരുന്നു.
മോഹൻലാൽ ഇത്തവണ പറഞ്ഞത് ഒരു വലിയ സന്ദേശമാണെന്നും നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു. ആദ്യമായാണ് ഒരു ലെസ്ബിയന് കപ്പിൾസ് ഈ ഷോയിൽ വരുന്നതും മത്സരിക്കുന്നതും. മനുഷ്യരാണ് എന്നൊരു പരിഗണന മാത്രം അവർക്ക് നൽകണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.
Content Highlights: Jasmine M Moosa support Aadhila and Noora on big boss family week