50 ദിവസത്തോളം ഞങ്ങൾക്കൊപ്പം മമ്മൂക്ക ഉണ്ടായിരുന്നു, അതിന് ശേഷമാണ് ബ്രേക്ക് എടുത്തത്; മഹേഷ് നാരായണൻ

മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു

മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്. സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നതും ബ്രേക്ക് എടുക്കുന്നതും. ഇപ്പോഴിതാ ഏഴു മാസത്തിന് ശേഷം നടൻ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വളരെ അധികം സന്തോഷമുണ്ടെന്ന് മഹേഷ് നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഒരുപാട് സന്തോഷം, ഇനി അദ്ദേഹത്തിന്റെ വർക്കുകളിലാണ്. ഷൂട്ടിംഗ് തുടർന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂക്ക ഞങ്ങളുടെ കൂടെ ഒരു 45 - 50 ദിവസത്തോളം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കുറച്ച് ബ്രേക്ക് എടുത്തത്. ഹൈദരാബാദിൽ ഒരു ആറ് ദിവസം, അത് കഴിഞ്ഞാൽ യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യും. ഹൈദരാബാദ് ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ അടങ്ങുന്ന താരങ്ങൾ ഉണ്ട്,' മഹേഷ് നാരായണൻ പറഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം യുകെയിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അറിയിച്ചു.

ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.

Content Highlights: Director Mahesh Narayanan reacts to Mammootty's comeback

To advertise here,contact us