എന്തിനാണ് വിജയ് സിനിമ വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയത്?, ഈ മരണത്തിൽ അദ്ദേഹം തകർന്നിട്ടുണ്ടാകും: വിനോദിനി

'ഈ കുറ്റബോധം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. അദ്ദേഹം ഹൃദയം കൊണ്ട് വളരെ നല്ല മനുഷ്യനാണ്'

ശനിയാഴ്ച കരൂരിൽ നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ കുറിപ്പുമായി നടി വിനോദിനി. സിനിമയിൽ ഒന്നാമനായി തുടർന്നിരുന്ന വിജയ് എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് വിനോദിനി കുറിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചോ അഭിപ്രായങ്ങളെക്കുറിച്ചോ താൻ ഒന്നും പറയുന്നില്ല പക്ഷെ നിരവധി നിരപരാധികളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നിട്ടുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് വിനോദിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഒരു നടൻ എന്ന നിലയിൽ വിജയ് സാറിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ജില്ലയിൽ അഭിനയിച്ചിട്ടുണ്ട്. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിന് വികടൻ അവാർഡ് വാങ്ങി വേദിയിൽ നിന്ന് ഇറങ്ങിവന്നപ്പോൾ അദ്ദേഹം മുൻനിരയിൽ ഇരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് അവാർഡ് കാണിച്ച്, അദ്ദേഹത്തിന്റെ ആശംസകൾ വാങ്ങിയിട്ടാണ് എന്റെ സീറ്റിലേക്ക് മടങ്ങിപ്പോയത്. അദ്ദേഹം ഒരു നടൻ മാത്രമായിരുന്നപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ അത്രയധികം സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. ചലച്ചിത്ര വ്യവസായത്തിലെ ഒന്നാമനായിരുന്നു അദ്ദേഹം. എന്തിനായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്?. ഈ കുറ്റബോധം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. അദ്ദേഹം ഹൃദയം കൊണ്ട് വളരെ നല്ല മനുഷ്യനാണ്.

അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്ന വെറുപ്പ് വ്യക്തിപരമായി തോന്നുന്നു. പാർട്ടിയുടെ പല ആശയങ്ങളോടും എനിക്ക് യോജിപ്പില്ലാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചോ അഭിപ്രായങ്ങളെക്കുറിച്ചോ ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ സൗമ്യനും മൃദുവായി സംസാരിക്കുന്നവനും ദയയുള്ളവനുമായ ഒരു വ്യക്തി എന്ന നിലയിൽ, നിരവധി നിരപരാധികളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദയവായി ഈ സാഹചര്യത്തെ രാഷ്ട്രീയവൽക്കരിക്കരുത്. നമുക്ക് ഈ നിരപരാധികളായ ആത്മാക്കളുടെ മരണത്തിൽ ദുഃഖിക്കാം. നമുക്ക് ദയവായി വെറുപ്പിൽ അകപ്പെടാതിരിക്കാം', വിനോദിനിയുടെ വാക്കുകൾ.

I love Vijay sir the actor. I worked with him in Jilla. When I got down from the stage after receiving Vikatan award for Aandavan kattalai, he was seated in the first row. I went up to him, showed him the award, took his wishes and only then went back to my seat. So much love was…

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയില്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര്‍ ദുരന്തത്തില്‍ ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീല്‍ നല്‍കി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു.

Content Highlights: Why did Vijay enter politics says actress Vinodini

To advertise here,contact us