'ഒറ്റപെടലിനെ ഞാൻ ചേർത്തുപിടിക്കുന്നു…ആ വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു'; മനസ്സ് തുറന്ന് ഷെയിൻ നിഗം

തന്റെ വാപ്പയുടെ മരണത്തിന് ശേഷം വല്ലാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു.

തന്റെ കൂടെയുള്ള ഒറ്റപെടലിനെ താൻ ചേർത്തുപിടിക്കുന്നുവെന്ന് നടൻ ഷെയിൻ നിഗം. തന്റെ കൂടെ എപ്പോഴും താൻ മാത്രമായിരുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ വിഷമങ്ങളും വേദനകളും തന്നെയാണ് ഷെയിൻ നിഗത്തിന്റെ ഗുരുവെന്നും നടൻ പറഞ്ഞു. തന്റെ വാപ്പയുടെ മരണത്തിന് ശേഷം വല്ലാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ നിഗം മനസ്സ് തുറന്നത്.

'ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു നിശബ്ദത ഉണ്ട്. ആരോ എന്റെ ഉള്ളിൽ നിന്ന് എന്നെ നോക്കുന്നുണ്ട് ആ നോക്കുന്ന ആളെ ഞാൻ മനഃസാക്ഷി അല്ലെങ്കിൽ ദൈവമായി കാണുന്നു. ആ മനഃസാക്ഷിയുടെ മുൻപിൽ മാത്രമേ ഞാൻ ജീവിക്കുന്നുള്ളൂ കാരണം മനുഷ്യർക്ക് പല അഭിപ്രായങ്ങൾ ഉണ്ടാകും. ഓരോ അഭിപ്രായത്തിന് അനുസരിച്ച് നമ്മുടെ ജീവിതത്തെ മാറ്റാൻ ഇരുന്നാൽ ഒരുപാട് ആലോചിക്കും ഡിപ്രസ്ഡ് ആകും. ഓരോ വ്യക്തിയും ശരിക്കും ഒറ്റയ്ക്കാണ്…എന്റെ ഉമ്മച്ചി, സഹോദരങ്ങൾ എന്റെ ടൈഗർ (പൂച്ച) ഇവരുടെയൊക്കെ സപ്പോർട്ടും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. പക്ഷേ എന്റെ കൂടെയുള്ള ഒറ്റപെടലിനെ ഞാൻ ചേർത്തുപിടിക്കുന്നുണ്ട്. അങ്ങനെ ഇരിക്കണ്ട അവസ്ഥയാണ് എന്റെ ജീവിതത്തിൽ ഉണ്ടായത് വാപ്പയുടെ മരണം ഉൾപ്പടെ. പിന്നെ എന്റെ ജീവിതത്തിൽ എനിക്ക് അറിയില്ല ഞാൻ എന്താണ് ചെയ്തതെന്ന് ഒരു നല്ല സക്സസ് കിട്ടും പിന്നെ എന്തെങ്കിലും വലിയ പ്രശ്നം വരും. എന്നെ സ്വയം ഉരുക്കിയെടുക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ, അപ്പോൾ എന്റെ കൂടെ ഞാൻ മാത്രമായിരുന്നു. ആ മനഃസാക്ഷിയാണ് ഇപ്പോഴും ഉള്ളത് ആ വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു', ഷെയിൻ നിഗം പറഞ്ഞു.

അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ 'ബൾട്ടി' തിയേറ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.

Content Highlights: Shane Nigam talks about his life and other issues that he faced

To advertise here,contact us