ഷെയിൻ നിഗം ഉഴപ്പൻ ആണെന്നാണ് ആദ്യം കേട്ടത്, പക്ഷെ അത് അങ്ങനെയല്ല; നിർമാതാവ് സന്തോഷ് ടി കുരുവിള

'ഈ ഷെയ്നെപ്പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു'

ഷെയിൻ നിഗം ഉഴപ്പനാണെന്നാണ് ഇൻഡസ്ട്രിയിൽ നിന്ന് പറഞ്ഞുകേട്ടിട്ടുള്ളതെന്നും എന്നാൽ വളരെ മര്യാദക്കാരനായ നടനാണ് അദ്ദേഹമെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് താൻ പലരോടും ചോദിച്ചെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ഷെയിനിന്റെ ഏറ്റവും പുതിയ സിനിമയായ ബൾട്ടിയുടെ പ്രെസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'‘ഷെയിൻ ഉഴപ്പനാണെന്ന് ഇൻഡസ്ട്രിയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. ഷെയിൻ എന്റെ വീടിന്റെ നേരെ എതിർവശത്താണ് എന്നുള്ളതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം. പക്ഷേ സിനിമയിൽ എത്തിയപ്പോൾ എന്റെ കൂടെ അഭിനയിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദ കാണിച്ചത് ഷെയിൻ ആണ്. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയിൻ അഭിനയിച്ചു. ഈ ഷെയ്നെപ്പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു. സാറേ, ഇതാണ് നമ്മുടെ നാട് എന്ന് ഞാൻ ജീത്തുവിനോട് പറഞ്ഞു. പരസ്പര സഹകരണത്തിലാണ് ഇൻഡസ്ട്രി മുന്നോട്ട് പോകേണ്ടത്', സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ.

ഷെയിൻ നിഗം നായകനായി എത്തുന്ന 'ബൾട്ടി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമയ്ക്ക് കളക്ഷനിലും മേൽകൈ ലഭിക്കുന്നുണ്ട്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ നിന്ന് 85 ലക്ഷമാണ് സിനിമ നേടിയത്. ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയിൽ സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഷെയിൻ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്.

സിനിമയിലെ ആക്ഷൻ സീനുകൾ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.

Content Highlights: Santhosh T Kuruvila about Shane Nigam

To advertise here,contact us