മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതായിരുന്നു. നീലിയ്ക്ക് നേരിടാനുള്ള ഏറ്റവും മികച്ച പ്രതി നായകൻ തന്നെ ആയിരുന്നു നാച്ചിയപ്പ. ഇപ്പോഴിതാ കല്യാണിയേക്കാൾ മികച്ച ഇൻട്രോ ബിജിഎം തനിക്കാണ് ലഭിച്ചിരുന്നതെന്ന് പറയുകയാണ് സാൻഡി മാസ്റ്റർ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരു ഷോട്ടിൽ കല്യാണിക്ക് പരിക്ക് പറ്റിയിരുന്നു. എന്നിട്ടും അതൊന്നും വക വെക്കാതെ അവർ ആ സീൻ തുടർന്നു. എനിക്ക് ഒരു പരിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ, പക്ഷെ കല്യാണിക്ക് ഒരുപാട് പരിക്കുകൾ പറ്റിയിട്ടുണ്ട്. എനിക്ക് സെറ്റിൽ ഡയലോഗുകൾ തമിഴിൽ പറഞ്ഞു തന്നത് ശാന്തിയാണ്. ജേക്സ് ബിജോയ്, ഡൊമിനിക്, നിമിഷ് അവരുടെ ടീം വർക്ക് ഗംഭീരമാണ്.
കല്യാണിയോട് ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവരുടെ ഇൻട്രോ ബിജിഎമ്മിനെക്കാൾ എന്റേത് സൂപ്പർ ആണെന്ന്. മാസ് ആണെന്ന് എല്ലാം. ക്രെഡിറ്റ് ജേക്സ് ബിജോയിക്ക് ആണ്. കലക്കിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ വേഷം മകൾ കണ്ടിട്ടില്ല. അവൾ വെറുതെ സ്ക്രീനിൽ നോക്കിയപ്പോൾ തന്നെ പേടിയാകുന്നുവെന്ന് പറഞ്ഞ് മുഖം മറച്ചു, ലിയോ സിനിമയും അതുപോലെ അവൾ കണ്ടിട്ടില്ല,' സാൻഡി മാസ്റ്റർ പറഞ്ഞു.
അതേസമയം, ലോകയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അന്നൗൺസ് ചെയ്തിരുന്നു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ചാത്തനാണ് രണ്ടാം ഭാഗത്തിൽ അവതരിക്കാൻ പോകുന്നത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
Content Highlights: Sandy Master says his BGM is better than Kalyani's in lokah movie