മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ നേരത്തെ പങ്കുവെച്ചിരുന്നു. സിനിമ തിയേറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
''മൂപ്പര് പറഞ്ഞു… ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്'' എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അതേസമയം, ലോകയുടെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
Content Highlights: Mammootty Company shares new poster of Lokah movie