സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ വിസ്മയം തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും സിനിമ അവതരിപ്പിക്കുക. ഇപ്പോഴിതാ തനിക്ക് തിയേറ്റർ ബിസിനസ് നടത്തിയിട്ട് ഏറ്റവും കൂടുതൽ ഷെയർ വന്ന ചിത്രം കാന്താര ആയിരുന്നുവെന്ന് പറയുകയാണ് പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ. ഒരു സിനിമയും ഇത് ബ്രേക്ക് ചെയ്തിട്ടില്ലെന്നും സ്റ്റീഫൻ പറഞ്ഞു. സിനിമയുടെ കേരള പ്രമോഷനിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
'എനിക്ക് ഈ സിനിമയുടെ ഭാഗമായി ഒരു ജോലിയും ഇല്ല. പൃഥ്വിരാജ് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇവിടെ വന്നത്. അദ്ദേഹമാണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ഞാനിപ്പോഴും ഓർക്കുന്നു, കാന്താര ആറ് സ്ക്രീനിലാണ് അന്ന് പ്രദർശനം തുടങ്ങിയത്. പിന്നെ അതൊരു 400 സ്ക്രീനുകളിലേക്ക് പോകുകയായിരുന്നു. ഞാൻ തിയേറ്റർ ബിസിനസ് നടത്തിയിട്ട് തന്നെ എനിക്ക് ഏറ്റവും കൂടുതൽ ഷെയർ വന്ന സിനിമ ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം കാന്താരയാണ്.
അതിനെ ഇപ്പോഴും ഒരു സിനിമയും ബ്രേക്ക് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. പിന്നെ ഇത്രയും വലിയൊരു സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത് മലയാളികളും ഉണ്ടെന്നുള്ളതാണ്. കൂടുതലും മലയാളികളാണെന്നതിൽ സന്തോഷം. എന്റെ ഏറ്റവും ചെറിയ സിനിമയായ ചാപ്പാ കുരിശിൽ തുടങ്ങിയ ബംഗ്ലാൻ ആണ് കാന്താരയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒരാള് അതിൽഅതിയായ സന്തോഷമുണ്ട്,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
Content Highlights: Listin says Kantara is the film that gave him the highest theater share