അടിച്ചു പൊളിച്ചു നടക്കേണ്ട കാലം മുഴുവൻ വീട്ടുതടങ്കലിൽ, കാരണം ഡൽഹിയെ വിറപ്പിച്ച ഗുണ്ടകൾ; ബോബി ഡിയോൾ

സുഹൃത്തുക്കളുടെ വീട്ടില്‍ പാര്‍ട്ടിയുണ്ടെങ്കില്‍ പോകാന്‍ അനുവാദമില്ലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ പോകാം. പക്ഷെ ഒമ്പത് മണിയ്ക്ക് തിരികെ വരണം

ബോളിവുഡിനെ വിറപ്പിച്ച രണ്ട് ഗുണ്ടകൾ ചേർന്ന് തന്റെ കുട്ടികാലം ഇല്ലാതാക്കിയെന്ന് നടൻ ബോബി ഡിയോൾ. രംഗ, ബില്ല എന്ന രണ്ട് ക്രിമിനലുകൾ തന്റെ കൂട്ടുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നുവെന്നും അതിന് ശേഷം താൻ വീട്ടു തടങ്കലിൽ ആയിരുന്നുവെന്നും നടൻ പറഞ്ഞു. തന്റെ സുഹൃത്തുക്കളിൽ ഒരാളെ ഈ ഗുണ്ടാ സംഘം തട്ടികൊണ്ട് പോയി പണം ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് ശേഷം തന്നെ തട്ടിക്കൊണ്ടുപോകാൻ ആയി ശ്രമം നടത്തിയിരുന്നുവെന്നും ബോബി ഡിയോൾ പറഞ്ഞു.

എന്നാൽ ആ ശ്രമം നടന്നില്ല പക്ഷെ ഇതിന് ശേഷം തനിക്ക് വീട്ടിൽ നിന്ന് സ്കൂൾ കഴിഞ്ഞു വന്നാൽ പുറത്തു പോകാൻ അനുവാദം ഉണ്ടായിരുന്നില്ലെന്നും കോളേജിലും ഇത് തുടർന്നുവെന്നും ബോബി ഡിയോൾ പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട കൂട്ടുകാരന്‍ പാര്‍ട്ടി ചെയ്യുമ്പോള്‍ തനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലായിരുന്നുവെന്നും രാജ് ശമനിയുമായി നടത്തിയ പോഡ്‌കാസ്റ്റിൽ ബോബി ഡിയോൾ പറഞ്ഞു.

'സ്വതന്ത്രനാകാന്‍ എനിക്ക് ഏറെ കാലം വേണ്ടി വന്നു. ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷമാണത്. എല്ലായിപ്പോഴും ഞാന്‍ ഇമോഷണലി ഡിപ്പറ്റന്റഡ് ആയിരുന്നു. ലോകത്തെ നേരിടാന്‍ സാധിച്ചിരുന്നില്ല. സ്‌കൂളില്‍ നിന്നും വീട്ടില്‍ വന്നാല്‍ അതോടെ തീര്‍ന്നു. വീട്ടില്‍ തന്നെ ഇരിക്കണം പുറത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചത് പോലും വീടിന് അകത്തായിരുന്നു.

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയം. രംഗ, ബില്ല എന്ന് പേരുള്ള രണ്ട് ക്രിമിനലുകളുണ്ടായിരുന്നു. അവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും പണം ചോദിക്കുകയും ചെയ്യും. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അവരെ ഈയ്യടുത്തിറങ്ങിയ ബ്ലാക്ക് വാറന്റില്‍ കാണിക്കുന്നുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന എന്റെ കൂട്ടുകാരനേയും അവര്‍ തട്ടിക്കൊണ്ടു പോയിരുന്നു. അവന്റെ കൈ ഒടിഞ്ഞു, പ്ലാസ്റ്റര്‍ ഇട്ടിരുന്നു. അവര്‍ തട്ടിക്കൊണ്ടു പോയവരില്‍ ഏറ്റവും ഭാഗ്യവാന്‍ അവനാണ്. പൊലീസ് പിന്നാലെ വരുമ്പോള്‍ രംഗയും ബില്ലയും തമ്മില്‍ എന്തോ അഭിപ്രായ ഭിന്നതയുണ്ടായി. രക്ഷപ്പെടാനായി അവര്‍ അവനെ ഒരു പാന്‍ കടയുടെ മുമ്പില്‍ ഇറക്കി നിര്‍ത്തിയിട്ട് ഓടിപ്പോയി.

പാന്‍ കടക്കാരന്‍ കുട്ടിയെ കണ്ടപ്പോള്‍ അഡ്രസ് കണ്ടുപിടിച്ച് വീട്ടിലെത്തി. പിന്നാലെ പൊലീസ് വന്നു. അവര്‍ എന്റെ വീട്ടിലും വന്നു. പപ്പയോട് ബില്ലയും രംഗയും ഇവനെ തട്ടിക്കൊണ്ടു പോയതാണ്. ഇവനോട് കൂടെ പഠിക്കുന്നത് ആരൊക്കെയാണെന്ന് അവര്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ മകന്റെ പേരാണ് പറഞ്ഞത്. അതിനാല്‍ സൂക്ഷിക്കണം എന്ന് പൊലീസുകാര്‍ പറഞ്ഞു. അതിന് ശേഷം സ്‌കൂളില്‍ നിന്നും വന്നാല്‍ പുറത്തിറങ്ങാന്‍ പറ്റാതായി.

കോളേജില്‍ എത്തിയ ശേഷവും മാറ്റമില്ലായിരുന്നു. സുഹൃത്തുക്കളുടെ വീട്ടില്‍ പാര്‍ട്ടിയുണ്ടെങ്കില്‍ പോകാന്‍ അനുവാദമില്ലായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ പോകാം. പക്ഷെ ഒമ്പത് മണിയ്ക്ക് തിരികെ വരണം. പിന്നീട് ബില്ലയേയും രംഗയേയും പിടികൂടി. അവരെ തൂക്കിക്കൊന്നു. പക്ഷെ അപ്പോഴും പപ്പയുടെ കാര്‍ക്കശ്യം കുറഞ്ഞില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട കൂട്ടുകാരന്‍ പാര്‍ട്ടി ചെയ്യുമ്പോള്‍ എനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലായിരുന്നു,' ബോബി ഡിയോൾ പറഞ്ഞു.

Content Highlights: Bollywood actor Bobby Deol says he was under house arrest throughout his childhood

To advertise here,contact us