മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഉദാഹരണം സുജാത. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ്. 2016-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ നിൽ ബത്തേ സന്നതയുടെ റീമേക്കാണ് ഉദാഹരണം സുജാത. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 8 വർഷമായിരിക്കുകയാണ്. മഞ്ജു വാര്യർക്കൊപ്പം തന്നെ അന്ന് സിനിമയിൽ ശ്രദ്ധ നേടിയ പെൺകുട്ടി ഇന്ന് മലയാള സിനിമയിലെ ആരാധകർ ഏറെയുള്ള നായികയാണ്. അനശ്വര രാജന്റെ ആദ്യ ചിത്രമായിരുന്നു ഉദാഹരണം സുജാത. സിനിമയുടെ ഓർമ്മകൾ പങ്കിടുകയാണ് നടി.
'എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് 8 വർഷങ്ങൾ. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നിൽക്കുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാൻ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റർ പ്ലാനും ഇല്ല. എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു. ഞാൻ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വർഷങ്ങൾക്ക് ശേഷവും ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ? അവിടെയാണ് എന്റെ തിരച്ചിൽ ആരംഭിച്ചത്,' അനശ്വര രാജൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോയും സ്റ്റോറിയും പങ്കിട്ടുകൊണ്ടാണ് നടി ഇക്കാര്യം പറയുന്നത്.
ഉദാഹരണം സുജാതയുടെ വിജയത്തോട് കൂടി അനശ്വര രാജനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ അനശ്വര വീണ്ടും ശ്രദ്ധ നേടി. നേര്, അബ്രഹാം ഓസ്ലർ, ഗുരുവായൂർ അമ്പലനടയിൽ, രേഖ ചിത്രം തുടങ്ങി നിരവധി ഹിറ്റുകളിലൂടെ അനശ്വര മലയാള സിനിമയിൽ നടിയുടെ സ്ഥാനം മാർക്ക് ചെയ്തിട്ടുണ്ട്.
Content Highlights: 8 years since Anaswara Rajan's first film was released, actress shares note