അടുത്തതായി പുറത്തിറങ്ങുന്ന സിനിമയിൽ മോഹൻലാലിന്റെ ഒരു വ്യത്യസ്ത ഡാൻസ് കാണാമെന്ന് കലാസംവിധായകനും നടനുമായ സാൻഡി മാസ്റ്റർ. ഫാൻസിന് ആഘോഷിക്കാൻ കഴിയുന്ന ഒരു കിടിലൻ പരിപാടിയാണെന്നും ഇത്രയും സ്റ്റാമിനയുള്ള ഒരു നടൻ വേറെയില്ലെന്നും സാൻഡി പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'അടുത്ത സിനിമയിൽ മോഹൻലാൽ ആയി ഒരു വ്യത്യസ്ത ഡാൻസ് പരിപാടിയാണ് ചെയ്തിരിക്കുന്നത്. ഫാൻസിന് ആഘോഷിക്കാൻ കഴിയുന്ന ഒരു ഐറ്റമാണ്…കലാ മാസ്റ്ററും മോഹൻലാൽ സാറും ഭയങ്കര ഫ്രണ്ട്സാണ് അപ്പോൾ മാസ്റ്റർ ലാലേട്ടനോട് പറഞ്ഞു ഞാൻ മാസ്റ്ററിന്റെ സ്റ്റുഡന്റ് ആണെന്ന്, പിന്നെ ഞാൻ മോഹൻലാലിന്റെ ഒരുപാട് ഡാൻസ് വീഡിയോസ് കണ്ടിട്ടുണ്ട്. ഇത്രയും സ്റ്റാമിനയുള്ള ഒരു നടൻ വേറെയില്ല, കാരണം അദ്ദേഹം നന്നായി വർക്ക്ഔട്ട് ചെയ്യുന്നതാണ്. പിന്നെ ഈ പടത്തിലെ പാട്ട് വരുമ്പോൾ നിങ്ങൾക്ക് തന്നെ കാണാം എന്താണ് ചെയ്തിരിക്കുന്നത് എന്ന്', സാൻഡി മാസ്റ്റർ പറഞ്ഞു.
അതേസമയം, സാൻഡി മാസ്റ്റർ പ്രതിനായകനായി എത്തിയ ലോക എന്ന ചിത്രം റെക്കോർഡുകൾ തിരുത്തി യാത്ര തുടരുകയാണ്. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്. പ്രേക്ഷകരുടെ മുന്നിൽ ഒരത്ഭുത ലോകം തുറന്നിട്ട ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്.
Content Highlights: Sandy Master about Mohanlals new dance song