ഓംലെറ്റ് ചവയ്ക്കുമ്പോൾ പോലും വേദന, ശത്രുവിന് പോലും ഈ രോഗം വരരുത്', തന്റെ രോഗാവസ്ഥയെക്കുറിച്ച് സല്‍മാന്‍ ഖാന്‍

ഏഴര വർഷത്തോളം ഈ വേദനയിലൂടെ കടന്നുപോയി, പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂറെടുക്കുമായിരുന്നു

വർഷങ്ങളായി താൻ അനുഭവിക്കുന്ന നാഡീ സംബന്ധമായ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടൻ സൽമാൻ ഖാൻ.ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തിലൂടെ കടന്നുപോവുകയാണ് താനെന്ന് നടൻ പറഞ്ഞു. ആമീർ ഖാനുമൊത്ത് ടു മച്ച് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. വേദന കാരണം തനിക്ക് ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് ആണെന്നും ശത്രുക്കൾക്ക് പോലും ഈ രോഗം വരല്ലേ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും നടൻ പറഞ്ഞു.

'എനിക്ക് ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗം ഉണ്ട്.ഏറ്റവും വലിയ ശത്രുവിന് പോലും ഈ രോഗം വരരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 2007-ൽ 'പാർട്ണർ' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് ആദ്യമായി കടുത്ത വേദന അനുഭവപ്പെട്ടത്. ഒപ്പം അഭിനയിക്കുന്ന ലാറ ദത്ത എന്റെ മുഖത്തെ ഒരു മുടിയിഴ നീക്കിയപ്പോൾ കഠിനമായ വേദന അനുഭവപ്പെട്ടു. അതൊരു തുടർച്ചയായ വൈദ്യുതാഘാതമായിരുന്നു. സംസാരിക്കുമ്പോൾ പെട്ടെന്നുള്ള, ശക്തമായ വേദനയാണ് അനുഭവപ്പെടുക.

പൊടുന്നനെയാണ് വേദന ഉണ്ടാവുക. പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂറെടുക്കുമായിരുന്നു. ഓംലെറ്റ് ചവയ്ക്കുമ്പോൾ പോലും വേദനിക്കുമായിരുന്നു. ഭക്ഷണം കഴിക്കാൻ തന്നെ വളരെ ബുദ്ധിമുട്ട് നേരിട്ട അവസ്ഥയായിരുന്നു. ആദ്യം വിചാരിച്ചത് ദന്തസംബന്ധമായ പ്രശ്നമാണ് കാരണമെന്നാണ്. വേദനസംഹാരികൾ പതിവായി കഴിക്കുമായിരുന്നു.

ഏഴര വർഷത്തോളം ഈ വേദനയിലൂടെ കടന്നുപോയി. അതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടതുണ്ട്. ബൈപാസ് സർജറിയും, ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, മറ്റ് പല രോഗങ്ങളുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് വന്നത് ഇതാണ്. ദിവസവും എന്റെ അസ്ഥികൾ ഒടിയുന്ന വേദനയുമായി ഞാൻ ഇവിടെയുണ്ട്. ട്രൈജെമിനൽ ന്യൂറാൾജിയ ഉണ്ടായിട്ടും ഞാൻ ജോലി ചെയ്യുന്നു. എന്റെ തലച്ചോറിൽ ഒരു അന്യൂറിസം ഉണ്ട്, എന്നിട്ടും ഞാൻ ജോലി ചെയ്യുന്നു. കൂടാതെ എവി മാൽഫോർമേഷനും ഉണ്ട് ഇതെല്ലാം വച്ചുകൊണ്ട് ഞാൻ എന്റെ ജോലി തുടരുകയാണ്,' സൽമാൻ ഖാൻ പറഞ്ഞു.

Content Highlights:  Salman Khan reveals his medical condition

To advertise here,contact us