കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ചിത്രം താൻ തമിഴിൽ എടുത്തത് തെറ്റായി പോയി എന്ന് നിരവധി പേർ പറഞ്ഞെന്നും ഇതൊരു മലയാളം സിനിമ ആയിരുന്നെങ്കിൽ തമിഴ് പ്രേക്ഷകർ സിനിമ സ്വീകരിച്ചേനെ എന്നും പ്രേംകുമാർ പറഞ്ഞു.
'മെയ്യഴകൻ മലയാളത്തിൽ ആയിരുന്നു എടുത്തതെങ്കിൽ തമിഴ് പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. ഞാൻ ആ സിനിമ തമിഴിൽ ചെയ്തതാണ് തെറ്റ് എന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞു. എന്റെ ഭാഷയിൽ ഞാൻ ഒരു സിനിമയെടുത്തപ്പോൾ അത് മറ്റൊരു ഭാഷയിൽ എടുത്തെങ്കിൽ നന്നായേനെ എന്ന് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി. പക്ഷെ അതാണ് സത്യം. തിയേറ്ററിൽ ഞങ്ങൾ പ്രതീക്ഷിച്ച തരത്തിൽ റെവന്യൂ വന്നില്ലെങ്കിലും ഞങ്ങൾ രക്ഷപ്പെട്ടു. ഒടിടിയിൽ സിനിമയ്ക്ക് നല്ല സ്വീകാര്യത കിട്ടി', പ്രേംകുമാറിന്റെ വാക്കുകൾ.
മെയ്യഴകന് കേരളത്തിൽ നിന്നും ഓവർസീസ് മാർക്കറ്റില് നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ തമിഴ് നാട്ടിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ല. സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlights: Meiyazhakan would have been a hit if made in malayalam