പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ 'സർവ്വം മായ' എന്നാണ്. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.
ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.
'അജു-നിവിൻ കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ 'സർവ്വം മായ'യും ഉണ്ടാകുമെന്നും അഖിൽ സത്യൻ പറഞ്ഞു. 'നിവിൻ ആണ് അജുവിനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. അജു വന്നുകഴിഞ്ഞപ്പോൾ ഈ സിനിമയ്ക്ക് ഉണ്ടായ മാറ്റം ഭയങ്കരമാണ്. അജുവിന് നിവിൻ കൊടുക്കുന്ന സ്പേസിനെക്കുറിച്ച് പറയാതെ വയ്യ. അജു വർഗീസ് - നിവിൻ പോളി കോമ്പോയിൽ പുറത്തിറങ്ങിയ ടോപ് 3 സിനിമകളിൽ 'സർവ്വം മായ' ഉണ്ടാകും. കാരണം അത്രയും നല്ല കോമ്പിനേഷൻ ആണ് അവർ ഈ സിനിമയിൽ. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ അത് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്.' അഖിൽ സത്യന്റെ വാക്കുകൾ.
#NivinPauly-#AkhilSathyan’s #SarvamMaya Release Date - December 25, 2025Distribution Partners:Kerala - Central PicturesRest Of India - AP International Middle East - Home Screen Entertainment pic.twitter.com/xOJMyVbjYo
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Nivin pauly film sarvam maya release date