ഇനിയും നേടാൻ ഒരുപാട് ഉണ്ട്, അതിന്റെ തുടക്കമാണ് ഈ നാഷണൽ അവാർഡ്, പ്രേക്ഷകർക്ക് നന്ദി: എംഎസ് ഭാസ്കർ

'ജനങ്ങൾ അംഗീകരിച്ചത് തന്നെ വലിയ കാര്യമാണ്. അവർ നമ്മളെ സ്വീകരിച്ചതുകൊണ്ടാണ് നമ്മൾ ഇത്രയും കാലം ഇവിടെ നിലനിന്നത്'

നിരവധി മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടനാണ് എം എസ് ഭാസ്കർ. പാർക്കിംഗ് എന്ന സിനിമയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നടനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ അവാർഡ് സ്വീകരിക്കാനായി ഡൽഹിയിൽ എത്തിയ വേളയിൽ റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് അദ്ദേഹം. ഇനിയും നേടാൻ ഒരുപാട് ഉണ്ടെന്നും അതിന്റെ തുടക്കമാണ് ഈ നാഷണൽ അവാർഡ് എന്നും എംഎസ് ഭാസ്കർ പറഞ്ഞു.

'ഇനിയും നേടാൻ ഒരുപാട് ഉണ്ട്. അതിന്റെ തുടക്കമാണ് ഈ നാഷണൽ അവാർഡ്. കിട്ടുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യണം എന്ന് മാത്രമേ ഉള്ളു. എന്നെക്കാളും എന്റെ ഭാര്യക്കാണ് വലിയ സന്തോഷമുള്ളത്. അവർ ആണ് ഇത്രയും കാലം ദൈവത്തിനോട് പ്രാർഥിച്ചത്. എട്ടു തോട്ടാക്കൾ എന്ന സിനിമ ചെയ്തപ്പോൾ അവാർഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു', എംഎസ് ഭാസ്കറിന്റെ വാക്കുകൾ.

രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്ത പാർക്കിങ്ങിൽ ഇളമ്പരുത്തി എന്ന നെഗറ്റീവ് ഷേഡ് കഥാപാത്രത്തെയാണ് എംഎസ് ഭാസ്കർ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഹരീഷ് കല്യാൺ നായകനായി എത്തിയ സിനിമയിൽ ഇന്ദുജ, പ്രാർത്ഥന നാഥൻ, രാമ രാജേന്ദ്ര എന്നിവരും പാർക്കിങ്ങിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സിനിമയ്ക്ക് ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Content Highlights: MS Bhaskar about National Awards

To advertise here,contact us