മലയാളികൾക്ക് രോമാഞ്ചം, ഒപ്പം തിളങ്ങി ബോളിവുഡും

മഹാകവി കുമാരനാശാന്റെ വീണപൂവിലെ വരികൾ ഉദ്ധരിച്ച് മോഹൻലാൽ നന്ദി പ്രകടിപ്പിച്ചു, ദേശീയ അവാർഡ് സ്വീകരിക്കാൻ ഷാരൂഖ് ഖാനും

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ഡൽഹിയിലെ വച്ച് നടന്ന ചടങ്ങിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ തങ്ങളുടെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മലയാളത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തുന്ന നിമിഷങ്ങള്‍ക്കാണ് പുരസ്കാര ചടങ്ങ് വേദിയായത്.

ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്, 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മഹാനടൻ മോഹൻലാലിന് സമ്മാനിച്ചു. മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തിന്‍റെ നിമിഷമായിരുന്നു അത്. സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മഹാകവി കുമാരനാശാന്റെ വീണപൂവിലെ വരികൾ ഉദ്ധരിച്ചാണ് മോഹന്‍ലാല്‍ തന്‍റെ മറുപടി പ്രസംഗം നടത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടുകൊണ്ട് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മസ്സിയും ശ്രദ്ധ നേടി. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാൻ പുരസ്‌കാരം സ്വന്തമാക്കിയത്. '12th ഫെയിൽ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മസിയും പുരസ്കാരത്തിന് അർഹനായി. 'മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ആണ് മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ പ്രകടനത്തിന് ഉർവശി നേടി. അതുപോലെ, 'പൂക്കാലം' എന്ന സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം 'ഉള്ളൊഴുക്കി'ലൂടെ മിഥുൻ മുരളിക്കും ലഭിച്ചു. മികച്ച സംവിധായകനായി 'ദ് കേരള സ്റ്റോറി'യിലൂടെ സുദീപ്തോ സെൻ തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാലിന്റെ നേട്ടം മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും.

content highlights : Mohanlal bags Dadasaheb Phalke; Malayalam actors win big

To advertise here,contact us