മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഇന്ന് ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കട്ടെ എന്ന് മോഹൻലാൽ പറഞ്ഞു. വീണ്ടും ജോർജ് കുട്ടിയിലേക്ക് എത്തുമ്പോൾ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അയാൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട എന്നായിരുന്നു തമാശരൂപേണ മോഹൻലാൽ മറുപടി നൽകിയത്.
'ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിംഗ് ആരംഭിക്കണം എന്ന് മാത്രമല്ല ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകണമേ എന്നാണ് ഞാനും പ്രാർത്ഥിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും മനസിലേറ്റിയ പ്രേക്ഷകർ ഈ മൂന്നാം ഭാഗത്തെയും സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ജോർജ് കുട്ടി എന്തെങ്കിലും ഒക്കെ കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട. പ്രേക്ഷകർക്കുള്ള ഈ എക്സൈറ്റ്മെൻ്റ് ആണ് ദൃശ്യത്തിന്റെ വിജയം', മോഹൻലാലിന്റെ വാക്കുകൾ. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ജീത്തു ജോസഫ് പറഞ്ഞു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്.
ഇന്ന് പൂജയിൽ പങ്കെടുത്ത് ഉച്ചയോട് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം സ്വീകരിക്കാനായി മോഹൻലാൽ ഡൽഹിയിലേക്ക് പോകും. മോഹൻലാൽ ഉൾപ്പെടെയുള്ളവർ പൂജയ്ക്ക് എത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
content highlights: Mohanlal about Drishyam 3