വിജയ്യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ 'ഖുഷി' റീ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ ലോഞ്ചിനിടെ സിനിമയിൽ നിന്നുള്ള ഒരു ഗാനം കാണുമ്പോഴുള്ള എസ് ജെ സൂര്യയുടെ റിയാക്ഷൻ ആണ് വൈറലാകുന്നത്.
ഖുഷിയിലെ ഏറ്റവും വലിയ ഹിറ്റ് ഗാനമാണ് 'കട്ടിപ്പുടിടാ കട്ടിപ്പുടിടാ'. വിജയ്യും മുംതാജുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ട്രെയ്ലർ ലോഞ്ചിനിടെ ഈ ഗാനത്തിൻ്റെ വീഡിയോ സോങ് വേദിയിൽ സ്ക്രീൻ ചെയ്തിരുന്നു. ഇത് കാണുമ്പോഴാണ് എസ് ജെ സൂര്യ നാണത്തോടെ ചിരിച്ചുകൊണ്ട് മുഖംപൊത്തുന്നത്. 'സ്വന്തം സിനിമയിലെ ഗാനം കണ്ട് നാണം തോന്നുന്നോ?' എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
#Kushi Re-Release: #SJSuryah's reaction while watching Kattipudi song at yesterday's press meet😁He himself feels embarrassed 🫣😂 pic.twitter.com/9JzQDVAd7n
4K ഡോൾബി അറ്റ്മോസിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിൻ എന്നിവ റീ റിലീസ് ചെയ്തപ്പോൾ ആരാധകർ ആഘോഷിക്കുകയും ബോക്സ് ഓഫീസിൽ നിന്നും ഗംഭീര കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഖുഷിയും അത്തരത്തിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായികയായി എത്തിയത്.
ദേവ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ഖുഷിയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ജീവയാണ്. മുംതാജ്, വിജയകുമാർ, വിവേക്, നിഴൽകൾ രവി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം, സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
Content Highlights: SJ Suryah reaction at Kushi trailer launch goes viral