കണക്കുകൂട്ടലുകൾ തെറ്റുകയാണല്ലോ, പവൻ കല്യാണിന് ഇത്രയും ഡിമാൻ്റോ ?

നോർത്ത് അമേരിക്കയിൽ വമ്പൻ കളക്ഷൻ നേടി പവൻ കല്യാൺ ചിത്രം

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. ഇപ്പോഴിതാ അടുത്ത റിലീസിന് തയ്യറെടുക്കുകയാണ് താരം. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന 'ഒജി' ആണ് ഇനി പുറത്തിറങ്ങാനുള്ള പവൻ കല്യാൺ ചിത്രം. സിനിമയുടെ ട്രെയ്ലർ പോലും പുറത്തിറങ്ങാതെ ചിത്രം പ്രീമിയർ പ്രീ-സെയിൽസിലൂടെ മാത്രം വടക്കേ അമേരിക്കയിൽ 2 മില്യൺ ഡോളറിലധികം കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

ഇത് ആദ്യമായാണ് ഒരു പവൻ കല്യാൺ സിനിമയ്ക്ക് വടക്കേ അമേരിക്കയിൽ ഇത്ര കളക്ഷൻ നേടാനാകുന്നത്. ടോളിവുഡിലും ഇത് ചരിത്ര നേട്ടമാണ്. സിനിമയുടെ പ്രദർശനം രാത്രി ഒരു മണി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഈ ഷോയ്ക്ക് 1000 രൂപയാണ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്. ഒരു മണിക്ക് ശേഷം 11 മണിക്കാകും സിനിമയുടെ അടുത്ത ഷോ ഉണ്ടാകുക. ഈ ഷോയിലും ടിക്കറ്റ് വർദ്ധനവുണ്ട്. സിംഗിൾ സ്‌ക്രീനുകളിൽ 125 രൂപയും മൾട്ടിപ്ലക്സുകളിൽ 150 രൂപയുമാണ് വർധിപ്പിക്കുന്നത്. അതേസമയം, സിനിമയുടെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ആണുള്ളത്.

പവൻ കല്യാൺ സിനിമകൾക്ക് പൊതുവെ മലയാളി പ്രേക്ഷകർക്കിടയിൽ മോശം പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഒപ്പം അദ്ദേഹത്തിന്റെ സിനിമകളിലെ സീനുകൾ എല്ലാം മലയാളികൾക്കിടയിൽ പലപ്പോഴും ട്രോൾ മെറ്റിരിയൽ ആണ്. അങ്ങനെയിരിക്കെയാണ് ഏറ്റവും പുതിയ പവൻ കല്യാൺ സിനിമയ്ക്കായി തങ്ങൾ കാത്തിരിക്കുകയാണെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ കുറിക്കുന്നത്. 'ഒജി' കേരളത്തിലും റിലീസ് ചെയ്യണമെന്നും ഒരുപക്ഷെ മലയാളികളിൽ ഭൂരിഭാഗം പേരും ആദ്യമായി കാണുന്ന പവൻ കല്യാൺ സിനിമ ഇതാകുമെന്നുമാണ് കമന്റുകൾ. ചിത്രത്തിന് കേരളത്തിലും വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയിൽ സിനിമ ആദ്യ ദിനങ്ങളിൽ ഉൾപ്പെടെ വമ്പൻ ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടൽ. കല്യാണിന്റെ പക്കാ തിരിച്ചുവരവാകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. വലിയ പ്രതീക്ഷയോടെയാണ് പവൻ കല്യാൺ ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.

Content Highlights: Pawan Kalyan's film earns huge collection in North America

To advertise here,contact us