മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്, കൂടെ നടന്നവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു; മോഹൻലാൽ

എന്റെ കൂടെ സഞ്ചരിച്ച ആളുകളോട്, പ്രേക്ഷകരോട്, എന്നെ ഞാൻ ആക്കിയ മലയാള സിനിമയോട് നന്ദി' യുണ്ടെന്ന് മോഹൻലാൽ

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനായതിലെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. ഇത് തനിക്ക് മാത്രമുള്ള പുരസ്‌കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചി എയർപോട്ടിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നടന്റെ പ്രതികരണം. മമ്മൂട്ടിയുടെ അഭിനന്ദനത്തിനുള്ള സ്നേഹവും മോഹൻലാൽ അറിയിച്ചു. അദ്ദേഹത്തിന്റെ വലിയ മനസിന് നന്ദി പറയുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.

'എന്താ പറയേണ്ടേ.. ഏറ്റവും വലിയ സന്തോഷം. ദൈവത്തിന് നന്ദി. പ്രേക്ഷകരോട് നന്ദി, ഗുരു മാതാപിതാക്കളോട് നന്ദി, രാജ്യത്തിന് നന്ദി. ജൂറിയ്ക്ക് നന്ദി. ഇതൊരു വലിയ അംഗീകാരമാണ്. വലിയ സന്തോഷം. 48 വർഷം എന്റെ കൂടെ നടന്ന എല്ലാവരെയും ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു. അവരോടുള്ള സ്നേഹവും പ്രാർത്ഥനയും ഈ അവസരത്തിൽ അറിയിക്കുന്നു. എന്റെ കൂടെ സഞ്ചരിച്ച ആളുകളോട്, എന്നെ ഞാൻ ആക്കിയ മലയാള സിനിമയോട്. തീർച്ചയായും മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്. ഈ അംഗീകാരം ഞാൻ മലയാള സിനിമയ്ക്ക് നൽകുന്നു,' മോഹൻലാൽ പറഞ്ഞു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights:  Mohanlal addresses the media after receiving the Dadasaheb Phalke Award

To advertise here,contact us