ഇന്ത്യന് സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്ക്കെ അവാര്ഡ് നേടിയ മോഹന്ലാലിനെ അഭിനന്ദിച്ച് കമല് ഹാസന്. താന് സഹോദര തുല്യനായി കാണുന്ന മോഹന്ലാലിന് അവാര്ഡ് ലഭിച്ചതില് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കമല് ഹാസന് പറഞ്ഞു.
സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്കാരം കമല് ഹാസന് നല്കേണ്ടതാണെന്ന് വിവിധ കോണുകളില് നിന്ന് അഭിപ്രായമുയര്ന്നിരുന്നു. മമ്മൂട്ടിയടക്കമുള്ള പല സീനിയര് താരങ്ങളെ കുറിച്ചും സമാനമായ അഭിപ്രായമുയര്ന്നിരുന്നു. ഇതേ കുറിച്ച് പരോക്ഷമായി പരാമര്ശിച്ചുകൊണ്ട് കമല് ഹാസന് സംസാരിച്ചു.
അര്ഹതയുള്ളവര് ഏറെ പേരുണ്ടെന്നും അതുകൊണ്ട് തന്നെ ആര്ക്കെങ്കിലും ഒരാള്ക്ക് അവാര്ഡ് കിട്ടാത്തതിന്റെ പേരില് തര്ക്കിച്ചിട്ട് കാര്യമില്ലെന്നും കമല് ഹാസന് പറഞ്ഞു. തമിഴ് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മോഹന്ലാലിന് ഈ അവാര്ഡ് ലഭിച്ചതില് ഒരുപാട് സന്തോഷമുണ്ട്, അഭിമാനമുണ്ട്. എത്രയോ പേര് കാത്തിരിക്കുന്ന അവാര്ഡാണ്. എനിക്ക് കിട്ടിയില്ല അവന് കിട്ടിയില്ല എന്ന് പറയുന്നതില് അര്ത്ഥമില്ല. അര്ഹരായവരുടെ എണ്ണം അത്രയും കൂടുതലാണ്. അക്കൂട്ടത്തില് എന്റെ സഹോദരന് അവാര്ഡ് ലഭിച്ചതില് ഏറെ സന്തോഷം,' കമല് ഹാസന് പറഞ്ഞു.
2023ലെ ദാദാ സാഹേബ് ഫാല്ക്കേ അവാര്ഡ് ആണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചത്. സെപ്തംബര് 23 നടക്കുന്ന ചടങ്ങില് വെച്ച് പുരസ്കാരം മോഹന്ലാലിന് സമ്മാനിക്കും. അടൂര് ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്ലാല്.
ഇന്ത്യന് ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്ക്കെയുടെ സ്മരണാര്ത്ഥം 1969 മുതല് കേന്ദ്രസര്ക്കാര് നല്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം. 2004ലാണ് അടൂര് ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിക്കുന്നത്.
Content Highlights: Kamal Haasan about Mohanlal winning Dada Saheb Phalke Award