അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറഞ്ഞിട്ടും തന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് മോഹൻലാൽ എന്ന് ഹരീഷ് പേരടി. രാജ്യത്തിൻ്റെ പരമോന്നത ബഹുമതി തൻ്റെ വീട്ടിലേക്ക് വന്നതു പോലെയാണെന്നും അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണെന്നും ഹരീഷ് പേരടി കുറിച്ചു. ദാദാ സാഹിബ് പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ചായിരുന്നു നടന്റെ കുറിപ്പ്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്…പക്ഷെ അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എൻ്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല …ഇതിൽ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും..ചെന്നൈയിലെ മലൈകോട്ടെ വാലിഭൻ്റെ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക് …നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്…ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്..അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന ഈ രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എനിക്ക് എൻ്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്…ഇത് എൻ്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്നേഹം ലാലേട്ടാ…
അതേസമയം, അവാർഡ് വാർത്തയ്ക്ക് ശേഷം മാധ്യമങ്ങളോടും പ്രേക്ഷകരോടും നന്ദി അറിയിക്കാൻ എത്തിയ മോഹൻലാൽ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് മടങ്ങിയത്. എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്റെ കൂടെയില്ലെന്നും നടൻ പറഞ്ഞു. ഈ നിമിഷത്തിൽ അവരെയെല്ലാം ഓർക്കുന്നുവെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും നടൻ പറഞ്ഞു. കൂടാതെ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോഴാണ് താൻ അവാർഡ് ലഭിച്ച വിവരം വിശ്വസിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.
2023ലെ ദാദാ സാഹേബ് ഫാല്ക്കേ അവാര്ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര് 23 നടക്കുന്ന ചടങ്ങില് വെച്ച് പുരസ്കാരം സമ്മാനിക്കും. അടൂര് ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്ലാല്. ഇന്ത്യന് ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്ക്കെയുടെ സ്മരണാര്ത്ഥം 1969 മുതല് കേന്ദ്രസര്ക്കാര് നല്കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ദാദാ സാഹേബ് ഫാല്ക്കെ പുരസ്കാരം. 2004ലാണ് അടൂര് ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിക്കുന്നത്.
Content Highlights: Hareesh Peradi Congratulates mohanlal on dada saheb phalke award