ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ലോക ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ച് പറഞ്ഞ് ദുൽഖർ. ഇപ്പോൾ ഏതായാലും ഒടിടി റിലീസ് ഉടനെയില്ലെന്നും എന്തിനാണ് ഇത്ര ധൃതിയെന്നും നടൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. കൂടാതെ ഇപ്പോൾ ലോകയുടെ ഒടിടി റിലീസിനെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും നടൻ കൂട്ടിച്ചേർത്തു.
Lokah isn't coming to OTT anytime soon. Ignore the fake news and stay tuned for official announcements! #Lokah #WhatstheHurry
ഏറെ നാളുകളായി ലോകയുടെ ഒടിടി റിലീസിനെക്കുറിച്ച് വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവ് തന്നെ രംഗത്തെത്തിയപ്പോൾ പ്രേക്ഷകർക്ക് കാര്യം മനസിലായി. മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഇപ്പോൾ ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്.
'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്ലെന്, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlights: Dulquer Salmaan about lokah Ott release