ഇതിനൊക്കെ കാരണക്കാരായവരിൽ ആദ്യം ഞാൻ ആയിരുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്; സിബി മലയിൽ

ഈ അവാർഡ് വൈകിയാണ് നൽകിയത് എന്ന് പറയാനാകില്ല, കാരണം ഒരു കലാകാരൻ വിരമിക്കലിനടുത്ത് നിൽകുമ്പോൾ ലഭിക്കുന്ന ആദരവ് ആണ് ഫാൽക്കെ പുരസ്കാരമെങ്കിൽ മോഹൻലാലിനും രജനികാന്തിനും മാത്രമാണ് നേരത്തെ ലഭിച്ചത്

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച നടൻ മോഹൻലാലിന് ആശംസയുമായി സംവിധായകൻ സിബി മലയിൽ. മോഹൻലാലിന് ലഭിച്ച അംഗീകാരത്തിൽ അഭിമാനവും അല്പം അഹങ്കാരവും തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലിൻ്റെ തുടക്കകാലം മുതൽ ഒപ്പം സഞ്ചരിക്കാനും അഭിനയ മികവ് അടുത്ത് നിന്ന് കാണുവാനും ഭാഗ്യം ലഭിച്ച ഒരാളാണ് താൻ എന്നും അതിൽ അഭിമാനം തോന്നുന്നെന്നും സിബി മലയിൽ റിപ്പോർട്ടർ ടി വി യോട് പ്രതികരിച്ചു.

'ഇന്ത്യയിൽ ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന എല്ലാ ബഹുമതികളും മോഹൻലാൽ നേടി കഴിഞ്ഞു. അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന വാർത്ത ആയിരുന്നു ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചു എന്നത്. വ്യക്തിപരമായി എനിക്കും ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലം മുതൽ ഒപ്പം സഞ്ചരിക്കാനും അഭിനയ മികവ് അടുത്ത് നിന്ന് കാണുവാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അഭിമാനവും അഹങ്കാരവും തോന്നിപ്പിക്കുന്ന മൂർത്തമാണ് ഇത്.

സംവിധായകൻ പറയുന്നത് ചെയ്യുന്ന നടൻ ആണ് അദ്ദേഹം. ജന്മസിദ്ധമായ കഴുവുള്ള നടനാണ് മോഹൻലാൽ. വളരെ സ്വാഭാവികമായി ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് അഭിനയിക്കുകയാണ്. ഒരു ദിവസം ഇരുന്ന് പറഞ്ഞാൽ തീരാത്ത അത്രയും അനുഭവങ്ങൾ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറയാൻ ഉണ്ടാകും. സദയത്തിൽ എല്ലാവരും വാഴ്ത്തി പറയുന്ന കുട്ടികളെ കൊല്ലുന്ന രംഗം ഇന്ത്യൻ സിനിമയിലെ അല്ലെങ്കിൽ ലോക സിനിമയിലെ ഒരു നടനും ഇത്രയും മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാൻ ആവില്ല.

ചെങ്കോലിൽ അദ്ദേഹം കണ്ണാടിയിൽ മുഖത്തേറ്റ മുറിവ് നോക്കി കൊണ്ട് ഇത് സേതുമാധവന്റെ കിരീടത്തിലെ പൊൻതൂവൽ ആണെന്ന് പറയുന്ന രംഗം, ഭരതത്തിലെയും, കിരീടത്തിലെയും നിരവധി രംഗങ്ങൾ എത്ര മെയ്വഴക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറ വരെ ആഘോഷിക്കുന്നതാണ് ദശരഥത്തിലെ അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ. മോഹൻലാലിൻറെ യാത്രയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇത്.

ഒരിക്കലും ഈ അവാർഡ് വൈകിയാണ് നൽകിയത് എന്ന് പറയാനാകില്ല, കാരണം ഒരു കലാകാരൻ വിരമിക്കലിനടുത്ത് നിൽകുമ്പോൾ ലഭിക്കുന്ന ആദരവ് ആണ് ഫാൽക്കെ പുരസ്കാരമെങ്കിൽ മോഹൻലാലിനും രജനികാന്തിനും മാത്രമാണ് നേരത്തെ ലഭിച്ചത്. ഹോളിവുഡിൽ വരെ മോഹൻലാൽ ആരാധകർ ഉണ്ട്. എല്ലാവർക്കും മോഹൻലാലിനെ അറിയാം. ഇന്ന് രാവിലെ അദ്ദേഹം എന്നെ വിളിച്ചിരുന്നു, ഇതിനൊക്കെ കാരണക്കാരൻ ആയവരിൽ ആദ്യം ഞാൻ ആയിരുന്നു എന്ന സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്,' സി ബി മലയിൽ പറഞ്ഞു.

Content Highlights:  CB Malayalam shares happiness over Mohanlal receiving Dadasaheb Phalke Award

To advertise here,contact us