മലയാള സിനിമയിലെ ആദ്യ സൂപ്പര്ഹീറോ ചിത്രമായ മിന്നല് മുരളിയുടെ റിലീസിന് പിന്നാലെ ബേസില് ജോസഫ് ആഗോള തലത്തില് ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡില് ഒരു ചിത്രം സംവിധാനം ചെയ്യാന് ബേസില് ജോസഫ് ഒരുങ്ങുകയാണെന്ന വാര്ത്തകളും പുറത്തുവന്നിരുന്നു.
ഇന്ത്യയിലെ ആദ്യ സൂപ്പര്ഹീറോകളില് ഒരാളായ ശക്തിമാന് സിനിമാ രൂപത്തില് ഒരുങ്ങുകയാണെന്നും രണ്വീര് സിംഗിനെ നായകനാക്കി ബേസിലാണ് ഇത് സംവിധാനം ചെയ്യുന്നതെന്നും പല കോണുകളില് നിന്നും റിപ്പോര്ട്ടുകള് പുറത്തുവന്നു.
രണ്വീര് സിംഗ് ബേസില് ജോസഫിന്റെ ചില ഇന്സ്റ്റാ പോസ്റ്റുകളില് കമന്റുകളുമായി എത്തിയതോടെ ഈ റിപ്പോര്ട്ടുകള് ബലപ്പെട്ടു. ബേസിലിനെ കുറിച്ച് സഹപ്രവര്ത്തകര് പലരും തമാശയായി ബോളിവുഡ് കണക്ഷനുമായി ബന്ധപ്പെടുത്തി സംസാരിക്കാന് കൂടി തുടങ്ങിയതോടെ ഈ റിപ്പോര്ട്ടുകള് പലരും സ്ഥിരീകരിക്കാന് തുടങ്ങിയിരുന്നു.
എന്നാല് ബേസില് ഒരിക്കലും ഈ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. സംവിധാനത്തിനായുള്ള ശ്രമങ്ങള് നടക്കുന്നുണ്ട് എന്ന് മാത്രമായിരുന്നു ബേസിലിന്റെ വാക്കുകള്. സോണി പിക്ച്ചേഴ്സ് ശക്തിമാന് നിര്മിക്കുമെന്നും ബജറ്റുമായി ബന്ധപ്പെട്ട് മാത്രമാണ് ചില ചര്ച്ചകള് നടക്കുന്നതെന്നുമായിരുന്നു പിന്നീട് വന്ന വാര്ത്തകള്. പ്രോജക്ട് ഉപേക്ഷിച്ചെന്നും ഇല്ലെന്നും പല രീതിയിലുള്ള വാര്ത്തകളും പിന്നീട് വന്നു.
ഇപ്പോള് സംവിധായകന് അനുരാഗ് കശ്യപ് ബേസിലിനൊപ്പമുള്ള ഒരു അനുഭവം ഒരു അഭിമുഖത്തില് പങ്കുവെച്ചതാണ് സമൂഹമാധ്യമങ്ങളില് ഒരിക്കല് കൂടി ഈ വിഷയം ചര്ച്ചയാക്കിയിരിക്കുന്നത്. ശക്തിമാന് വേണ്ടി ബോളിവുഡില് തന്റെ രണ്ട് വര്ഷം വേസ്റ്റാക്കി എന്ന് ബേസില് ജോസഫ് തന്നോട് പറഞ്ഞു എന്നാണ് അനുരാഗ് കശ്യപ് 'ദ ലോങ്സ്റ്റ് ഇന്റര്വ്യു' എന്ന അഭിമുഖത്തില് പറഞ്ഞത്.
ബേസില് ജോസഫിന്റെ അഭിനയ മികവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യവും അദ്ദേഹം പങ്കുവെച്ചത്. 'ഞാന് അടുത്തിടെ ഒരു അവാര്ഡ് പരിപാടിക്കിടെ ബേസില് ജോസഫിനെ കണ്ടിരുന്നു. ബേസില് എത്രയോ മികച്ച പെര്ഫോമന്സുകളാണ് ചെയ്തിരിക്കുന്നത്. സാധാരണക്കാരനായ ഹീറോസിനെ ഇത്രയും മികച്ച രീതിയില് അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാന് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
മിന്നല് മുരളി പോലൊരു ചിത്രം എടുത്തതിന് ശേഷവും എങ്ങനെയാണ് പൊന്മാന് പോലുള്ള ചിത്രങ്ങള് ചെയ്യുന്നത് എന്ന് ഞാന് അദ്ദേഹത്തോട് ചോദിച്ചു. മിന്നല് മുരളിയ്ക്ക് ശേഷം രണ്ട് വര്ഷം ബോളിവുഡില് ഞാന് ശക്തിമാന് വേണ്ടി വേസ്റ്റാക്കി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള് എങ്ങനെയാണ് ആ ഇന്ഡസ്ട്രിയില് സര്വൈവ് ചെയ്യുന്നത് എന്നും ബേസില് എന്നോട് ചോദിച്ചു.
എനിക്ക് എന്താണോ ബോളിവുഡിനെ കുറിച്ച് തോന്നുന്നത് അത് തന്നെയാണ് ബേസിലും എന്നോട് പറഞ്ഞത്. എനിക്ക് ഇവിടെ സര്വൈവ് ചെയ്യാന് പറ്റില്ല. അതുകൊണ്ടാണ് ഞാന് ഇവിടെ നിന്നും മാറിയത് എന്നും ഞാന് പറഞ്ഞു,' അനുരാഗ് കശ്യപ് പറയുന്നു. അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.
Content Highlights: Anurag Kashyap about Basil Joseph's comment about Shakthiman movie