ഒരു അടിപൊളി NSS ക്യാമ്പ് പടം വരുന്നുണ്ടേ.., ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കൽ പടം; പ്രഖ്യാപനം ഉടൻ

'ഈ സിനിമ അതാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പുപടം'

എക്സ്ട്രാ ഡീസന്റ്, ആയിഷ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ആമിർ പള്ളിക്കൽ. മികച്ച അഭിപ്രായങ്ങൾ നേടിയ ഈ സിനിമകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ തൻ്റെ മൂന്നാമത്തെ സിനിമയുമായി എത്തിയിരിക്കുകയാണ് ആമിർ പള്ളിക്കൽ. എഴുത്തുകാരൻ ലിജീഷ് കുമാർ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. എൻഎസ്എസ് ക്യാമ്പിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചന.

ചിത്രം പ്രഖ്യാപിച്ചുകൊണ്ട് സംവിധായകൻ ആമിർ പള്ളിക്കൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ 'കുറഞ്ഞത് ഒരു പത്തുനാൽപ്പത്തഞ്ചു ദിവസത്തെ ഷൂട്ടെങ്കിലും കാണും ഒരു സിനിമയ്ക്ക്. കഴിഞ്ഞ രണ്ടു സിനിമ ചെയ്യുമ്പോഴും പ്രിയപ്പെട്ട ക്രൂ മെമ്പേഴ്സിനോട് പറയാൻ ശ്രമിച്ചത്, നമ്മളൊരു എൻ എസ് എസ് ക്യാമ്പിലാണെന്ന് വിചാരിച്ച് അടുത്ത നാൽപ്പത്തഞ്ച് ദിവസവും ആത്മാർത്ഥമായങ്ങ് പൊളിച്ചേക്കണം എന്നാണ്. അപ്പോഴൊന്നും ഓർത്തിരുന്നില്ല ശരിക്കുമുള്ള ഒരു എൻഎസ്എസ് ക്യാമ്പ് എന്നെങ്കിലും സിനിമയായി ചെയ്യുമെന്ന്. ഈ സിനിമ അതാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻഎസ്എസ് ക്യാമ്പുപടം. നിങ്ങളുടെ ക്യാമ്പസ് ഓർമകളിലുമുണ്ടാകും പാട്ടും പഞ്ചാരയുമായി പാറിപ്പറന്ന, ഫീൽ ചെയ്യിക്കുന്ന രസമുള്ള എൻഎസ്എസ് കാലവും, ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് തമാശകളും. എല്ലാം ഒന്നോർത്തെടുക്കണ്ടേ നമുക്ക്. Loading Next'.

ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റും പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും കൊച്ചി ലുലു മാരിയട്ടിൽ വെച്ച് ഒക്ടോബർ രണ്ടിന് നടക്കും. സുരാജിനെ നായകനാക്കി ഒരുക്കിയ എക്സ്ട്രാ ഡീസന്റ് ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആമിർ പള്ളിക്കൽ ചിത്രം. ഗ്രേസ് ആൻ്റണി, ശ്യാം മോഹൻ, സുധീർ കരമന, വിനയ പ്രസാദ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ വിലാസിനി സിനിമാസുമായി സഹകരിച്ച് ലിസ്റ്റിൻ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Content Highlights: Aamir pallikal new film announcement

To advertise here,contact us