'മികവിന് ലഭിച്ച അംഗീകാരം'; മോഹൻലാലിനെ അഭിനന്ദിച്ച് സിബി മലയിൽ

'മോഹൻലാലിന്റെ കരിയർ പരമോന്നതിയിൽ എത്തി നിൽക്കുമ്പോഴാണ് ഈ അവാർഡ് ലഭിക്കുന്നത്'

കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച നടൻ മോഹൻലാലിന് ആശംസയുമായി സംവിധായകൻ സിബി മലയിൽ. മോഹൻലാൽ കരിയറിന്റെ ഉന്നതിയിൽ എത്തി നിൽക്കുമ്പോൾ ലഭിക്കുന്ന അവാർഡ് സന്തോഷം ഇരട്ടിയാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

സിബി മലയിലിന്റെ വാക്കുകൾ:

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഒരു ഓൾടൈം അചീവ്‌മെന്റ് അവാർഡാണ്. മോഹൻലാലിന്റെ കരിയർ പരമോന്നതിയിൽ എത്തി നിൽക്കുമ്പോഴാണ് ഈ അവാർഡ് ലഭിക്കുന്നത്. സിനിമയുടെ ഉന്നതിയിൽ ലഭിക്കുന്ന അവാർഡ് സന്തോഷം ഇരട്ടിയാക്കുന്നു. സംവിധാനം, അഭിനയം ,നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രകടിപ്പിച്ച മികവിന് ലഭിച്ച അംഗീകാരം.

മോഹൻലാലിന് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 'ഒരു സഹപ്രവർത്തകൻ എന്നതിലുപരി താങ്കൾ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടൻ എന്ന നിലയിൽ മാത്രമല്ല ദാദാ സാഹിബ് ഫാൽക്കേ അവാർഡ് താങ്കൾക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയിൽ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാർത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാൽ, നിങ്ങളെ കുറിച്ചോർത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങൾ തീർച്ചയായും അർഹിക്കുന്നുണ്ട്,' മമ്മൂട്ടി കുറിച്ചു.

പുരസ്‌കാരം തനിക്ക് മാത്രമുള്ളതല്ലെന്നും മലയാള സിനിമയ്ക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കുമുള്ള അംഗീകാരമാണെന്നുമായിരുന്നു റിപ്പോർട്ടറിന് നൽകിയ പ്രത്യേക പ്രതികരണത്തിൽ മോഹൻലാൽ പറഞ്ഞത്. 'അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. ഒരുപാട് സന്തോഷം. സ്വപ്‌നത്തിനും അവാര്‍ഡിനും അപ്പുറം രാജ്യം നല്‍കുന്ന വലിയ ബഹുമതിയാണിത്. ഞാനൊരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഈ അവാര്‍ഡിലേക്ക് എന്നെ പരിഗണിച്ച ജൂറിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും നന്ദി പറയുന്നു', മോഹൻലാൽ പറഞ്ഞു. സിനിമ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ മോഹൻലാലിന് ആശംസയുമായി എത്തി.

Content Highlights: Sibi Malayil wishes actor Mohanlal

To advertise here,contact us