'എന്റെ സഹോദരാ… കലാകാരാ…ഇത് നീ അര്‍ഹിച്ച കിരീടം;ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

"സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്"

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുറിച്ച മമ്മൂട്ടി അദ്ദേഹം സത്യസന്ധനായ കലാകാരനാണെന്നും എഴുതി. 'ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,' മമ്മൂട്ടി കുറിച്ചു.

2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Mammootty congratulates Mohanlal on winning Phalke award

To advertise here,contact us