മലയാള സിനിമയ്ക്ക് 100 വയസ് തികയാൻ പോവുകയാണ്, ഇതിലെ പകുതി ആയുസ് മോഹൻലാലിന് അവകാശപ്പെട്ടതാണ്: കമൽ

"തുടരും സിനിമ വന്നപ്പോള്‍ പഴയ മോഹന്‍ലാലിനെ തിരിച്ചു കിട്ടി എന്ന് പലരും പറഞ്ഞു. പക്ഷെ അപ്പോഴും ഞാന്‍ പറഞ്ഞത് ഒറ്റക്കാര്യം മാത്രം"

മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമാലോകത്തിന് മുന്‍പിലുള്ള ഒരു പാഠപുസ്തകമാണെന്ന് സംവിധായകന്‍ കമല്‍. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ സിനിമയെ സ്‌നേഹിക്കുന്നവരും പഠിക്കാന്‍ ആഗ്രഹിക്കുന്നവരും പഠിക്കേണ്ട പാഠപുസ്തകമാണെന്ന് കമല്‍ പറഞ്ഞു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയ്ക്ക് നൂറ് വയസ് തികയാനിരിക്കേ, അതിന്റെ പകുതി കാലവും മോഹന്‍ലാലിന് അവകാശപ്പെട്ടതാണെന്നും കമല്‍ പറഞ്ഞു. മോഹന്‍ലാല്‍ സിനിമയില്‍ 48 വര്‍ഷം പൂര്‍ത്തിയാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. മോഹന്‍ലാല്‍ തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളെ ആഘോഷമാക്കി മാറ്റാത്ത വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ലഭിക്കുന്ന അംഗീകാരങ്ങളെല്ലാം ഏറെ വിനയത്തോടെയാണ് മോഹന്‍ലാല്‍ സ്വീകരിക്കുക. ദേശീയ പുരസ്‌കാരവും പത്മഭൂഷണും ലഭിച്ചപ്പോഴെല്ലാം അദ്ദേഹം പുലര്‍ത്തിയത് ആ മനോഭാവമായിരുന്നു. ഓവര്‍ എക്‌സൈറ്റ്‌മെന്റൊന്നും ലാല്‍ കാണിക്കാറില്ല.. ആ… എന്നൊരു ഭാവമാണ്. നിറകുടം തുളമ്പില്ല എന്ന് പറയുന്നത് പോലെയാണ് ലാല്‍. മനുഷ്യനെന്നെ രീതിയിലും കലാകാരനെന്ന രീതിയിലും വലിയ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം. ഈ അവാര്‍ഡുകളെല്ലാം വന്നു ചേരുന്നു എന്നേ അദ്ദേഹം കാണാറുള്ളു. അത് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം കൂടിയാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളുടെ പേരിലാണ് ഫാല്‍ക്കേ അവാര്‍ഡ് സമ്മാനിക്കുന്നത്. സമഗ്ര സംഭാവാനയ്ക്കുള്ള പുരസ്‌കാരമാണ്. നിര്‍മാതാവും സംവിധായകനുമാണെങ്കില്‍ പോലും നടന്‍ എന്ന രീതിയില്‍ തന്നെയാണ് അദ്ദേഹം ഈ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു നടന് ഈ പരമോന്നത ബഹുമതി ലഭിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി തുടങ്ങി പിന്നീട് നായകനായി മാറിയ നടനാണ് ലാല്‍. വേഴ്‌സറ്റൈല്‍ എന്ന് പറഞ്ഞാല്‍ അതാണ് മോഹന്‍ലാല്‍. തുടരും സിനിമ വന്നപ്പോള്‍ പഴയ മോഹന്‍ലാലിനെ തിരിച്ചു കിട്ടി എന്ന് പലരും പറഞ്ഞു. പക്ഷെ അപ്പോഴും ഞാന്‍ പറഞ്ഞത് മോഹന്‍ലാല്‍ എവിടെയും പോയിട്ടില്ല എന്നാണ്. അന്നും ഇന്നും അദ്ദേഹം മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

മലയാള സിനിമയോടൊപ്പം 48 വര്‍ഷമാണ് മോഹന്‍ലാല്‍ സഞ്ചരിച്ചത്. മൂന്ന് വര്‍ഷം കൂടി കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് 100 വയസ് തികയാന്‍ പോവുകയാണ്. അതിന്റെ പകുതി സമയവും മോഹന്‍ലാലിന്റെ കാലമാണ്. മലയാള സിനിമയുടെ പകുതി ആയുസും മോഹന്‍ലാലിന് അവകാശപ്പെട്ടതാണെന്ന് പറയാം. മോഹന്‍ലാലിന്റെ സാന്നിധ്യമില്ലാതെ മലയാള സിനിമയില്ല.

സിനിമയുടെ പാഠപുസ്തകമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയില്‍ പലപ്പോഴും അമിതാഭ് ബച്ചനെ കുറിച്ചാണ് ഇത് പറയാറുള്ളത്. പക്ഷെ ബച്ചനേക്കാളും വ്യത്യസ്തമായ എത്രയോ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. മലയാളികളുടേത് മാത്രമല്ല മോഹന്‍ലാല്‍, നടന്‍ എന്ന രീതിയില്‍ ഇന്ത്യന്‍ സിനിമയിലെ എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണ് അദ്ദേഹം,' കമല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നേരത്തെ അര്‍ഹരായ പല മലയാളികള്‍ക്കും ഫാല്‍ക്കേ പുരസ്‌കാരം ലഭിക്കാതെ പോയിട്ടുണ്ടെന്നും ഇപ്പോള്‍ മോഹന്‍ലാലിന് ആ പുരസ്‌കാരം ലഭിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും കമല്‍ പറഞ്ഞു.'മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അംഗീകാരം ആണിത്. അടൂരിന് ശേഷം മലയാള സിനിമയിലേക്ക് ദാദാ സാഹിബ് പുരസ്‌കാരം എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതും മോഹന്‍ലാലിന് ലഭിക്കുന്നു എന്ന് പറയുമ്പോള്‍ വലിയ സന്തോഷമാണ്. ലോകം കണ്ട മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ലാലിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും അഭിമാന നിമിഷമാണത്.

ലാല്‍ അത് അര്‍ഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മലയാള സിനിമയില്‍ ഈ അവാര്‍ഡിന് അര്‍ഹരായ പലര്‍ക്കും കിട്ടാതെ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലാലിന് ലഭിക്കുമ്പോള്‍ അതിമധുരമാണ്. ലാലിനൊപ്പം ഏറെ വര്‍ഷം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞവരെന്ന നിലയില്‍ അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്,' കമല്‍ പറഞ്ഞു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Content Highlights: Kamal about Mohanlal winning Phalke Award

To advertise here,contact us