ചിത്രീകരണത്തിനിടെ ജൂനിയർ എൻ ടി ആറിന് പരിക്ക്, ഗുരുതരമല്ല, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ടീം

നടന്റെ പരിക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കാണ് ടീം വിശദീകരണം നൽകിയിരിക്കുന്നത്

പരസ്യചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ ടി ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. നിലവിൽ താരത്തോട് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. നടന്റെ പരിക്കുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കാണ് ടീം വിശദീകരണം നൽകിയിരിക്കുന്നത്.

'ഇന്ന് നടന്ന ഒരു പരസ്യചിത്ര ചിത്രീകരണത്തിനിടയിൽ എൻ ടി ആറിന് ചെറിയ രീതിയിൽ പരിക്ക് സംഭവിച്ചു.

രണ്ടാഴ്ചത്തേക്ക് വിശ്രമം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളൂം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ജൂനിയർ എൻ.ടി.ആറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം 'വാർ 2' ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ഈ ചിത്രം അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്രമം കഴിഞ്ഞാൽ ഉടൻ നടൻ ഡ്രാഗൺ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Content Highlights: Jr. NTR injured during filming, team says it's not serious

To advertise here,contact us