
വിവാദങ്ങൾക്കിടെ ഷാരൂഖ് ഖാന്റെ ഒപ്പം കൈപിടിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ദീപിക പദുകോൺ. ആദ്യ സിനിമയിൽ തന്നെ ഷാരൂഖ് തനിക്ക് പകർന്ന് നൽകിയ പാഠത്തെക്കുറിച്ചും തന്റെ തീരുമാനങ്ങളിൽ ആ പാഠം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് നടി. ഒരു സിനിമയുടെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് ആരുടെ കൂടെ ജോലി ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു.
'18 വർഷങ്ങൾക്ക് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഉണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?', ദീപിക കുറിച്ചു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദീപികയുടെ ഈ പോസ്റ്റ് വൈറലാണ്. കൽക്കിയിൽ നിന്നും തന്നെ ഒഴിവാക്കിയ വാർത്തയ്ക്ക് പിന്നാലെ ദീപിക പോസ്റ്റ് ചെയ്ത ചിത്രമായതിനാൽ പലരും ആ വിഷയവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൽക്കി ടീമിന് നൽകിയ മറുപടിയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നടിയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ആവാതെയാണ് ഈ തീരുമാനം എടുത്തതെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ദീപിക തന്നെയാണ് കൽക്കി 2 നിരസിച്ചതെന്നാണ് സിനിമയുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ ആദ്യ ഭാഗത്തിൽ മുഴുനീള കഥാപാത്രമായിരുന്നു ദീപികയുടേത്. എന്നാൽ രണ്ടാം ഭാഗത്തില് കാമിയോ റോളിലേക്ക് വെട്ടിച്ചുരുക്കിയതിനാലാണ് നടി സിനിമ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തിരക്കഥയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അവരുടെ ഭാഗം ഇപ്പോൾ ഒരു അതിഥി വേഷത്തിലേക്ക് ചുരുക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ ദീപികയെ അറിയിച്ചിരുന്നു. 'കൽക്കി 2' ന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുന്ന ദീപികയുടെ ടീം ഇത് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് റിപ്പോര്ട്ടില് പറയുന്നു. തുടര്ന്ന് കാമിയോ വേഷം ചെയ്യാന് തയ്യാറല്ലെന്ന് ദീപിക നിര്മാതാക്കളെ അറിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ തന്റെ പ്രതിഫലത്തിൽ 25 ശതമാനത്തിലധികം വർധനവാണ് ദീപിക പദുകോൺ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവ സത്യമാണെങ്കില് എങ്ങനെയാണ് നിര്മാതാക്കള്ക്ക് ഈ ആവശ്യങ്ങള് അംഗീകരിക്കാന് കഴിയുക എന്നാണ് പലരും ചോദിക്കുന്നത്.
Content Highlights: Deepika Padukone shares a photo with Shahrukh Khan and Writes hearwarming note